20 മണിക്കൂര്‍ ജോലി, ഭക്ഷണം പോലുമില്ലാതെ നാലുമാസം തൊഴില്‍ പീഡനം; ഗള്‍ഫില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി യുവതിയുടെ അതിസാഹസിക രക്ഷപ്പെടല്‍, 27കാരിയുടെ അതിജീവന കഥ 

കുടുംബത്തെ പോറ്റാന്‍ വീട്ടുജോലിക്കായി അബുദാബിയില്‍ എത്തിയ ബംഗളൂരു യുവതി നേരിട്ടത് കൊടിയ തൊഴില്‍ പീഡനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: കുടുംബത്തെ പോറ്റാന്‍ വീട്ടുജോലിക്കായി അബുദാബിയില്‍ എത്തിയ ബംഗളൂരു യുവതി നേരിട്ടത് കൊടിയ തൊഴില്‍ പീഡനം. ഒരു ദിവസം 20 മണിക്കൂര്‍ ജോലി. തൊഴിലുടമ കൃത്യമായി ശമ്പളം നല്‍കിയില്ല. മതിയായ ഭക്ഷണം പോലും ലഭിക്കാതെ ദുരിതം അനുഭവിച്ച യുവതി തൊഴിലുടമയുടെ വീട്ടില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി. കഴിഞ്ഞ ദിവസം യുവതി ബംഗളൂരുവില്‍ തിരിച്ചെത്തി.

പ്രായമായ മാതാപിതാക്കളും മൂന്ന് സഹോദരങ്ങളുമുള്ള കുടുംബത്തിന്റെ അത്താണിയാണ് യുവതി. ബംഗളൂരുവില്‍ വീട്ടുജോലി ചെയ്തായിരുന്നു കുടുംബം പുലര്‍ത്തിയിരുന്നത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടതോടെയാണ് വ്യാജ വിദേശ റിക്രൂട്ട്‌മെന്റ് ഏജന്റിന്റെ കെണിയില്‍ വീണത്. മാസം 30,000 രൂപ ശമ്പളം നല്‍കുമെന്ന മോഹന വാഗ്ദാനം നല്‍കിയാണ്് യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്.

ശ്രീലങ്കന്‍ ഏജന്റാണ് അബുദാബിയില്‍ യുവതിയെ സ്വീകരിച്ചത്. തുടര്‍ന്ന് എമിറാത്തി കുടുംബത്തില്‍ വീട്ടുജോലിക്കായി എത്തിക്കുകയായിരുന്നു. നാലുമാസമാണ് തൊഴില്‍ പീഡനം നേരിട്ടത്. ഒരു ദിവസം 20 മണിക്കൂര്‍ ജോലി ചെയ്യണം. ശമ്പളം കൃതമായി നല്‍കിയിരുന്നില്ല. മതിയായ ഭക്ഷണം പോലും യുവതിക്ക് ലഭിച്ചിരുന്നില്ലെന്ന് പ്രോട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിലെ ഓഫീസര്‍ പി എന്‍ നാഗേന്ദ്ര ബാബു പറയുന്നു.

രാവിലെ നാലുമണിക്ക് എഴുന്നേല്‍ക്കണം. മതിയായ ഭക്ഷണമോ വെള്ളമോ വസ്ത്രമോ നല്‍കാതെയായിരുന്നു പീഡനം. രണ്ടുമാസം കഴിഞ്ഞപ്പോള്‍ യുവതിക്ക് ശമ്പളം പോലും നല്‍കാതെയായെന്നും നാഗേന്ദ്ര ബാബു പറയുന്നു. മൊബൈല്‍ ഉപയോഗിക്കാന്‍ പോലും സമ്മതിച്ചില്ല. 

ദുരിതം സഹിക്കാന്‍ വയ്യാതെയായതോടെ, അവിടെ നിന്ന് രക്ഷപ്പെടാന്‍  യുവതി തീരുമാനിക്കുകയായിരുന്നു. തൊഴിലുടമ ഉറങ്ങുന്ന സമയത്ത് വീടിന്റെ ഒന്നാമത്തെ നിലയിലെ ജനലില്‍ നിന്ന് താഴേക്ക് ചാടിയാണ് യുവതി രക്ഷപ്പെട്ടത്. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയില്‍ അഭയം തേടുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ യുവതിയെ നാട്ടിലെത്തിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com