നാരായണ്‍ റാണെയെ അറസ്റ്റ് ചെയ്തത് ഭക്ഷണം കഴിക്കുന്നതിനിടെ; വീഡിയോ ആയുധമാക്കി ബിജെപി

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്കെതിരായ പരാമര്‍ശത്തിന് കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്രാ പൊലീസ് അറസ്റ്റ് ചെയ്തത് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയെന്ന് റിപ്പോര്‍ട്ട്
നാരായണ്‍ റാണെ, എഎന്‍ഐ പുറത്തുവിട്ട വീഡിയോയില്‍ നിന്ന്‌
നാരായണ്‍ റാണെ, എഎന്‍ഐ പുറത്തുവിട്ട വീഡിയോയില്‍ നിന്ന്‌

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്കെതിരായ പരാമര്‍ശത്തിന് കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്രാ പൊലീസ് അറസ്റ്റ് ചെയ്തത് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയെന്ന് റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രിയുടെ അറസ്റ്റിന് പിന്നാലെ ശിവസേനയെ കുറ്റപ്പെടുത്തി അറസ്റ്റിന്റെ വീഡിയോയുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. റാണെ ഭക്ഷണം കഴിക്കുന്നതിനിടെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ അദ്ദേഹത്തിന്റെ അനുയായികള്‍ തടയാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടത്. 

തിങ്കളാഴാച് റായ്ഗഡില്‍ ജന്‍ ആശീര്‍വാദ് യാത്രയില്‍ പങ്കെടുക്കുന്നതിനിടെ ആയിരുന്നു ഉദ്ദവിനെതിരെ റാണെയുടെ വിവാദ പരാമര്‍ശം. 
സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം ഏതാണെന്ന് മുഖ്യമന്ത്രിക്കറിയാത്തത് ലജ്ജാകരമാണ്. ഓഗസ്റ്റ് 15ന് സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്യവെ സ്വാതന്ത്ര്യം കിട്ടിയ വര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ അദ്ദേഹം പിന്നിലേക്ക് നോക്കി. താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ അടിച്ചേനെ'- റാണെ പറഞ്ഞു. ഇതിനെതിരെ മൂന്ന് കേസുകളാണ് മഹാരാഷ്ട്ര പൊലീസ് രജിസ്റ്റര്‍ ചെയ്തത്. 

സംസ്ഥാനത്ത് പ്രശ്നങ്ങള്‍ സൃഷിക്കാനും സമാധാനാന്തരീക്ഷം തകര്‍ക്കാനുമാണ് റാണെയുടെ ശ്രമമെന്ന് ശിവസേന നേതാക്കള്‍ ആരോപിച്ചിരുന്നു. അതേസമയം കേന്ദ്രമന്ത്രിയുടെ അറസ്റ്റ് രാജ്യത്തെ ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ആരോപിച്ചു. 

മുന്‍ ശിവസേന നേതാവ് കൂടിയാണ് രണ്ടാംമോദി സര്‍ക്കാരിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ വകുപ്പു മന്ത്രിയായ റാണെ. 2005ല്‍ ശിവസേന വിട്ട റാണെ 2017 വരെ കോണ്‍ഗ്രസില്‍ തുടര്‍ന്നു. പിന്നീട് മഹാരാഷ്ട്ര സ്വഭിമാന്‍ പക്ഷം എന്ന പാര്‍ട്ടിയുണ്ടാക്കി. 2019ല്‍ ബിജെപിയിലേക്ക് ചേക്കേറിയ റാണെ തന്റെ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കുകയും ചെയ്തു.

റാണെയുടെ വിവാദ പരാമര്‍ശത്തെ ചൊല്ലി ശിവസേന, ബി.ജെ.പി പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച തെരുവില്‍ ഏറ്റുമുട്ടിയിരുന്നു. റാണെയുടെ വീടും നാസിക്കിലെ ബിജെപിയുടെ പാര്ടട്ടി ഓഫീസും ശിവസേന പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com