കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളുടെ ഇടവേള കുറച്ചേക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th August 2021 05:25 PM  |  

Last Updated: 26th August 2021 05:25 PM  |   A+A-   |  

vaccine policy in india

വാക്‌സിന്‍ കുത്തിവെയ്ക്കുന്നു, ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളുടെ ഇടവേള കുറച്ചേക്കും. വിദഗ്ധ സമിതി ഇക്കാര്യം പരിശോധിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വാക്‌സിന്‍ ഡോസുകളുടെ ഇടവേള കുറയ്ക്കണമെന്ന ആവശ്യം ശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കുന്നത്.

വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞാല്‍ നാലുമുതല്‍ ആറാഴ്ചയ്ക്കുശേഷം രണ്ടാം ഡോസ് എടുക്കാം എന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആദ്യത്തെ മാര്‍ഗനിര്‍ദേശം. പിന്നീടത് 45 ദിവസം എന്നാക്കി മാറ്റി. ഇപ്പോള്‍ 84 ദിവസത്തിന് ശേഷം രണ്ടാം ഡോസ് എടുക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. 

കഴിഞ്ഞ ദിവസം കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഡോസുകള്‍ തമ്മില്‍ 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഫലപ്രാപ്തിയാണോ അതോ ലഭ്യതയാണോ ഈ ഇടവേള നിശ്ചയിച്ചതിനു മാനദണ്ഡമെന്ന് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസിന് 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്തിക്കെന്നാണ് ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണം. വാക്‌സിന്‍ ക്ഷാമം മൂലമല്ല ഇടവേള നീട്ടിയതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു.