സംസ്ഥാനാന്തര യാത്രയ്ക്കു വിലക്കു പാടില്ല, രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കു പരിശോധന വേണ്ട; പുതിയ മാര്‍ഗ നിര്‍ദേശം

ആഭ്യന്തര വിമാനയാത്രയ്ക്കു പിപിഇ കിറ്റ് നിര്‍ബന്ധമാക്കേണ്ടതില്ലെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനാന്തര യാത്രകള്‍ക്കു വിലക്കു പാടില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗ നിര്‍ദേശം. സംസ്ഥാനാന്തര വിമാന, റെയില്‍, ജല, റോഡ് യാത്രയ്ക്കു വിലക്കില്ലെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

ആവശ്യമെന്നു കണ്ടാല്‍ സംസ്ഥാനത്തേക്കു പ്രവേശിക്കുന്നതിന് ആര്‍ടി പിസിആര്‍, ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കാന്‍ അതതു സര്‍ക്കാരുകള്‍ക്കു തീരുമാനിക്കാം. എന്നാല്‍ ഇക്കാര്യം നേരത്തെ അറിയിക്കണം. രണ്ടു ഡോസ് വാക്‌സിനും എടുത്ത് 15 ദിവസം പൂര്‍ത്തിയായ, ലക്ഷണങ്ങളില്ലാത്ത ആളുകള്‍ക്കു പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ ഒഴിവാക്കാം. ഇവര്‍ക്കു വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പ്രവേശന അനുമതി നല്‍കണമെന്ന് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. ലക്ഷണങ്ങളുള്ളവരെ പ്രവേശന കേന്ദ്രത്തില്‍ തന്നെ ആന്റിജന്‍ പരിശോധനയ്ക്കു വിധേയമാക്കണം. ആഭ്യന്തര വിമാനയാത്രയ്ക്കു പിപിഇ കിറ്റ് നിര്‍ബന്ധമാക്കേണ്ടതില്ലെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

ക്വാറന്റൈന്‍, ഐസൊലേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കു സാഹചര്യം അനുസരിച്ചു തീരുമാനമെടുക്കാം. ഏതെങ്കിലും സംസ്ഥാനത്തോ കേന്ദ്ര ഭരണ പ്രദേശത്തോ കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യമുണ്ടായാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അതതു സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്ന് മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

രാജ്യത്ത് കോവിഡ് വ്യാപനത്തോത് കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com