ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം; സംസ്ഥാനങ്ങളോട് കേന്ദ്രം

ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാനും അതിനായി ആവശ്യമെങ്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാനും അതിനായി ആവശ്യമെങ്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. രാജ്യത്ത് മൊത്തത്തില്‍ കോവിഡ് വ്യാപനത്തില്‍ കുറവു വന്നിട്ടുണ്ടെങ്കിലും ചില മേഖലകള്‍ കേന്ദ്രീകരിച്ച് രോഗം പടരുന്നുണ്ടെന്ന്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

രാജ്യത്ത് നിലവില്‍ ഉള്ള കോവിഡ് നിയന്ത്രണങ്ങള്‍ അടുത്ത മാസം 30 വരെ തുടരുമെന്ന് കത്തില്‍ പറയുന്നു. രാജ്യത്ത് മൊത്തത്തില്‍ എടുത്താല്‍ രോഗവ്യാപനത്തില്‍ കുറവു വന്നിട്ടുണ്ട്. എന്നാല്‍ ചില ജില്ലകളില്‍ വ്യാപനം രൂക്ഷമാണ്. ഉയര്‍ന്ന രോഗസ്ഥിരീകരണ നിരക്കും ആക്ടിവ് കേസുകള്‍ കൂടി ന്ില്‍ക്കുന്നതും ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ അതതു പ്രദേശങ്ങളിലെ സാഹചര്യം അനുസരിച്ച് നിയന്ത്രണ നടപടികള്‍ സ്വീകരിക്കണം.

ദീപാവലി, ചാത് പൂജ തുടങ്ങിയ ആഘോഷങ്ങള്‍ മുന്നില്‍ കണ്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. വലിയ ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കരുത്. ഇതിനായി പ്രാദേശിക അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കണം. നിയന്ത്രണങ്ങള്‍ കഴിഞ്ഞ ഏപ്രില്‍ 25നും ജൂണ്‍ 28നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വിധേയമായിരിക്കണമെന്ന് കത്തില്‍ പറയുന്നു. 

വാക്‌സിനേഷനില്‍ രാജ്യത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാനായിട്ടുണ്ട്. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നിലവിലുള്ളതു പോലെ വാക്‌സിന്‍ യജ്ഞങ്ങള്‍ തുടരണം. പരമാവധി വേഗത്തില്‍ കൂടുതല്‍ ആളുകള്‍ക്കു വാക്‌സിന്‍ നല്‍കായിരിക്കണം ഊന്നലെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com