ബിജെപി യോഗം നടക്കുന്ന ഹോട്ടല്‍ വളഞ്ഞ് കര്‍ഷകര്‍; ലാത്തിച്ചാര്‍ജ്, നിരവധിപേര്‍ക്ക് പരിക്ക്

മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍ പങ്കെടുത്ത ബിജെപി യോഗത്തിന് നേരെ പ്രതിഷേധവുമായി എത്തിയ കര്‍ഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു
കിസാന്‍ ഏകതാ മോര്‍ച്ച ട്വിറ്ററില്‍ പങ്കുവച്ച ചിത്രം
കിസാന്‍ ഏകതാ മോര്‍ച്ച ട്വിറ്ററില്‍ പങ്കുവച്ച ചിത്രം

കര്‍ണാല്‍: ഹരിയാനയിലെ കര്‍ണാലില്‍ കര്‍ഷക സമരത്തിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്. പത്തിലേറെ കര്‍ഷകര്‍ക്ക് പരിക്ക്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍ പങ്കെടുത്ത ബിജെപി യോഗത്തിന് നേരെ പ്രതിഷേധവുമായി എത്തിയ കര്‍ഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഹരിയാനയിലെ വിവിധ ദേശീയപാതകള്‍ കര്‍ഷകര്‍ ഉപരോധിച്ചു. 

കര്‍ണാലിലെ ബസ്താര ടോള്‍ പ്ലാസയ്ക്ക് സമീപമാണ് സംഘര്‍ഷം നടന്നത്. വരുന്ന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടറിന്റെ നേതൃത്വത്തില്‍ യോഗം നടക്കുന്ന ഹോട്ടലിന്റെ പുറത്ത് കര്‍ഷകര്‍ സംഘടിക്കുകയായിരുന്നു. ഇവരെ പിരിച്ചുവിടാന്‍ പൊലീസ് ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. 

കര്‍ഷകര്‍ ബിജെപി നേതാക്കള്‍ക്ക് എതിരെ കരിങ്കൊടി കാണിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. വന്‍ പൊലീസ് സന്നാഹമാണ് കര്‍ഷകരെ നേരിടാന്‍ അണിനിരന്നത്. പിരിഞ്ഞുപോകാന്‍ വിസമ്മതിച്ച കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. 

ഇതിന് പിന്നാലെ, വിവിധ ദേശിയാപതകളില്‍ കര്‍ഷകര്‍ സംഘടിച്ചെത്തി. ഡല്‍ഹി-അമൃത്സര്‍ ഹൈവേയില്‍ കുരുക്ഷേത്രയിലെ റോഡുപരോധം വന്‍ ഗതാഗതക്കുരുക്കിന് കാരണമായി. അംബാലയിലെ ശംഭു ടോള്‍പ്ലാസയും കര്‍ഷകര്‍ അടപ്പിച്ചു. 

റോഡിന് കുറുകെ മുള കട്ടിലുകള്‍ കൊണ്ടിട്ട കര്‍ഷകര്‍, ട്രാക്ടറുകളും റോഡിന് കുറുകെയിട്ടു. അതേസമയം, മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടല്‍ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com