കാമുകി ഉപേക്ഷിച്ചുപോയി, സ്‌നേഹം തിരിച്ചുപിടിക്കാന്‍ മന്ത്രവാദിയെ സമീപിച്ചു; നെഗറ്റീവ് എനര്‍ജി' ഒഴിപ്പിക്കാന്‍ സ്മാര്‍ട്ട്ഫോണ്‍, യുവാവിന്റെ 44ലക്ഷം രൂപ തട്ടിയെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th August 2021 11:02 AM  |  

Last Updated: 30th August 2021 11:02 AM  |   A+A-   |  

fraud case

ഫയല്‍ ചിത്രം

 

അഹമ്മദാബാദ്: കാമുകിയുടെ സ്‌നേഹം തിരിച്ചുകിട്ടുന്നതിന് മന്ത്രവാദിയെ സമീപിച്ച യുവാവിന് 44 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. ജോത്സ്യന്‍, മാധ്യമപ്രവര്‍ത്തകന്‍ എന്നിങ്ങനെ സ്വയം പരിചയപ്പെടുത്തിയ വ്യക്തിയാണ് തന്നെ കബളിപ്പിച്ചതെന്ന് കാണിച്ച് 28കാരന്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

ഗുജറാത്തിലെ മകര്‍ബ സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. കാമുകി ഉപേക്ഷിച്ചു പോയതോടെ, യുവാവ് അസ്വസ്ഥനായിരുന്നു. തുടര്‍ന്ന് മന്ത്രവാദത്തിലൂടെ യുവതിയുടെ സ്‌നേഹം തിരിച്ചുപിടിക്കാന്‍ യുവാവ് ശ്രമിക്കുന്നതിനിടെയാണ് തട്ടിപ്പില്‍ വീണതെന്ന് പൊലീസ് പറയുന്നു.

ആരോ മന്ത്രവാദം ചെയ്തത് കൊണ്ടാണ് യുവതി താങ്കളെ വിട്ടുപോയതെന്ന് യുവാവിനെ മന്ത്രവാദി പറഞ്ഞുവിശ്വസിപ്പിച്ചു. ഇതിന് പ്രതിവിധിയെന്നോണം മറിച്ചൊരു മന്ത്രവാദം ചെയ്യണമെന്ന് മന്ത്രവാദി നിര്‍ദേശിച്ചു. തുടര്‍ന്ന് പൂജയ്‌ക്കെന്ന് പറഞ്ഞ് മന്ത്രവാദി ലക്ഷങ്ങള്‍ വാങ്ങിയെടുത്തെന്നാണ് യുവാവിന്റെ പരാതിയില്‍ പറയുന്നത്.

തട്ടിപ്പിന്റെ ഭാഗമായി 75000 രൂപ മൂല്യം വരുന്ന രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ കൊണ്ടുവരാന്‍ യുവാവിനോട് ആവശ്യപ്പെട്ടു. എല്ലാ നെഗറ്റീവ് എനര്‍ജിയും ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞാണ് ഫോണ്‍ വാങ്ങിപ്പിച്ചത്. പൂജകള്‍ക്കായി കൂടുതല്‍ പണം ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു. തന്നെ കബളിപ്പിക്കുകയാണെന്ന് തിരിച്ചറിഞ്ഞ 28കാരന്‍ 44 ലക്ഷം രൂപ തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പണം തിരികെ നല്‍കാന്‍ മന്ത്രവാദി വിസമ്മതിച്ചു. തുടര്‍ന്നാണ് യുവാവ് പൊലീസിനെ സമീപിച്ചത്.