ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചു

കടുത്ത അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു
ഫയല്‍ ചിത്രം, പിടിഐ
ഫയല്‍ ചിത്രം, പിടിഐ

ന്യൂഡല്‍ഹി: കടുത്ത അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു. നാളെ മുതല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് അറിയിച്ചു. 

മലിനീകരണ നില മെച്ചപ്പെട്ടപ്പോഴാണ് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ സ്ഥിതിഗതികള്‍ വീണ്ടും മോശമായി. ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് മന്ത്രി അറിയിച്ചു. 

കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി

നേരത്തെ സ്‌കൂളുകള്‍ തുറക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മുതിര്‍ന്നവര്‍ വര്‍ക്ക് ഫ്രം ഹോമുമായി വീട്ടില്‍ ഇരിക്കുമ്പോഴും കുട്ടികള്‍ സ്‌കൂളില്‍ വരണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ഡല്‍ഹിയിലെ മലിനീകരണ തോത് രൂക്ഷമായിരിക്കുകയാണെന്ന് സുപ്രീം കോടതി പറഞ്ഞു. മലിനീകരണം കുറയ്ക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്താന്‍ കോടതി അതോറിറ്റിയെ നിയോഗിക്കുമെന്ന് ബെഞ്ച് അറിയിച്ചു.

മലിനീകരണം ഉയര്‍ന്നുനില്‍ക്കുമ്പോഴും സ്‌കൂള്‍ തുറക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോവുന്നത് എന്തുകൊണ്ടെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് സിങ്വിയോട് കോടതി ആരാഞ്ഞു. മുതിര്‍ന്നവര്‍ വര്‍ക്ക് ഫ്രം ഹോമുമായി വീടുകളില്‍ ഇരിക്കുകയാണ്. അപ്പോള്‍ പിന്നെ കുട്ടികള്‍ സ്‌കൂളില്‍ പോവുന്നത് എന്തിനെന്ന് കോടതി ചോദിച്ചു.

മലിനീകരണം കുറയ്ക്കാന്‍ ലോക്ക്ഡൗണ്‍ വരെ ആലോചിക്കുന്നെന്നാണ് സര്‍ക്കാര്‍ നേരത്തെ പറഞ്ഞ്. എന്നാല്‍ എല്ലാ കുട്ടികളും സ്‌കൂളില്‍ പോവുന്നു, വായുമലിനീകരണ തോത് ഉയര്‍ന്നുനില്‍ക്കുമ്പോഴും മൂന്നര വയസുകാരും നാലര വയസ്സുകാരുമെല്ലാം സ്‌കൂളില്‍ പോവുകയാണ്. അവരുടെ ആരോഗ്യം ആരാണ് സംരക്ഷിക്കുകയെന്ന് കോടതി ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com