റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തി കോവിഡ് ബാധിച്ച് രാജ്യത്ത് നിരീക്ഷണത്തില്‍ കഴിയുന്നത് 68 രോ​ഗബാധിതർ; കേരളത്തില്‍ മൂന്നുപേര്‍

റിസ്‌ക് രാജ്യങ്ങളില്‍നിന്ന് കേരളത്തിലെത്തിയ രണ്ടു പേരും ഒരാളുടെ അമ്മയുമാണ് കോവിഡ് പോസിറ്റീവായി നിരീക്ഷണത്തില്‍ കഴിയുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ച റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ ശേഷം കോവിഡ് പോസിറ്റീവായി നിരീക്ഷണത്തിലുള്ളത് 68 പേര്‍. ഇതില്‍ മൂന്നുപേര്‍ കേരളത്തിലാണ്. മഹാരാഷ്ട്ര (28), തെലങ്കാന (13), ഡല്‍ഹി (12), രാജസ്ഥാന്‍ (9), തമിഴ്‌നാട് (3) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിരീക്ഷണത്തിലുള്ളവര്‍. ദക്ഷിണാഫ്രിക്കയില്‍ നിന്നും ജയ്പുരിലെത്തിയ കുടുംബത്തിലെ 9 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

റിസ്‌ക് രാജ്യങ്ങളില്‍നിന്ന് കേരളത്തിലെത്തിയ രണ്ടു പേരും ഒരാളുടെ അമ്മയുമാണ് കോവിഡ് പോസിറ്റീവായി നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരുടെ സാംപിള്‍ ജനിതകശ്രേണീകരണത്തിനായി അയച്ചിരിക്കുകയാണ്. ബ്രിട്ടനില്‍ നിന്നു കോഴിക്കോട്ടെത്തി കോവിഡ് പോസിറ്റീവായി വീട്ടില്‍ കഴിയുകയായിരുന്ന ആരോഗ്യ പ്രവര്‍ത്തകനെയും അമ്മയെയും ബീച്ച് ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ സാംപിള്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു.

മൂന്നു നാലു ജില്ലകളിൽ യാത്ര ചെയ്തു

കഴിഞ്ഞ മാസം 21ന് എത്തിയ ആരോഗ്യ പ്രവര്‍ത്തകന് 26നാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനിടയില്‍ ഇവര്‍ മൂന്നു നാലു ജില്ലകളില്‍ ട്രെയിനില്‍ ഉള്‍പ്പെടെ യാത്ര ചെയ്തിട്ടുണ്ട്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കി വരികയാണ്. ജര്‍മനിയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ ഇന്നലെ എത്തിയ തമിഴ്‌നാട് സ്വദേശിനിയാണ് നിരീക്ഷണത്തിലുള്ള മറ്റൊരാള്‍.  കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരുടെ സാംപിള്‍ ജനിതക ശ്രേണീകരണത്തിനായി പുണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചു. ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

റിസ്‌ക് രാജ്യങ്ങള്‍

ദക്ഷിണാഫ്രിക്ക, ബ്രിട്ടന്‍, സിംഗപ്പൂര്‍, ചൈന (ഹോങ്കോങ് ഉള്‍പ്പെടെ), ന്യൂസീലന്‍ഡ്, ഇസ്രയേല്‍, ബ്രസീല്‍, ബോട്‌സ്വാന, മൊറീഷ്യസ്, സിംബാബ്‌വെ, ബംഗ്ലദേശ്, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവയാണ് റിസ്‌ക് രാജ്യങ്ങള്‍. ഇവിടങ്ങളില്‍നിന്നായി തിരിച്ചെത്തിയ 16,000 യാത്രക്കാരെ പരിശോധിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചിരുന്നു.

നിലവില്‍ ഇന്ത്യയില്‍ രണ്ടു പേര്‍ക്കു മാത്രമാണ് ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇതില്‍ ബംഗളൂരുവിലെ 46 വയസ്സുകാരനായ ഡോക്ടര്‍ക്ക് വിദേശയാത്രാ പശ്ചാത്തലം ഇല്ല എന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി ഇടപഴകിയ 5 പേരും പോസിറ്റീവായിട്ടുണ്ട്. ഇവരുടെയും ജനിതകശ്രേണീകരണ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ഡോക്ടര്‍ക്ക് കോവിഡ് വന്നതെങ്ങനെയെന്ന് അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com