കുട്ടികള്‍ക്ക് വാക്‌സിന്‍ എന്നുമുതല്‍?, ബൂസ്റ്റര്‍ ഡോസിന് അനുമതി നല്‍കുമോ?; നിര്‍ണായക യോഗം ഇന്ന് 

അപകടസാധ്യത കൂടുതലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് ഉള്‍പ്പെടെ നിര്‍ണായ വിഷയങ്ങളില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡിന്റെ അതിതീവ്രവ്യാപനശേഷിയുള്ള പുതിയ വകഭേദമായ ഒമൈക്രോണ്‍ രാജ്യത്തും സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇന്ന് ചേരുന്ന വാക്‌സിനേഷനുമായി ബന്ധപ്പെട്ട ദേശീയ സാങ്കേതിക സമിതിയുടെ യോഗം നിര്‍ണായകമാകും. അപകടസാധ്യത കൂടുതലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് ഉള്‍പ്പെടെ നിര്‍ണായ വിഷയങ്ങളില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികള്‍ക്ക് എന്നുമുതല്‍ വാക്‌സിന്‍ നല്‍കി തുടങ്ങും എന്നത് സംബന്ധിച്ചും തീരുമാനമുണ്ടായേക്കും.

രാജ്യത്ത് ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം ഉയരുകയാണ്. ഇതുവരെ വിവിധ സംസ്ഥാനങ്ങളിലായി 21 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഒമൈക്രോണ്‍ വാക്‌സിനെ മറികടക്കുമോ എന്ന തരത്തില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് കൂടുതല്‍ പ്രയോജനം ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത് കണക്കിലെടുത്ത് ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന ദേശീയ സാങ്കേതിക സമിതി യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും.അപകടസാധ്യത കൂടുതലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യമാണ് മുഖ്യമായി പരിഗണിക്കുക.

ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സംബന്ധിച്ച് വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പാര്‍ലമെന്റില്‍ പറഞ്ഞത്. ദേശീയ സാങ്കേതിക സമിതിയും വിദഗ്ധ സമിതിയും ബൂസ്റ്റര്‍ ഡോസ് നല്‍കിയാല്‍ കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമോ എന്നതിന്റെ ശാസ്ത്രീയ തെളിവുകള്‍ തേടി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്ന് ചേരുന്ന ദേശീയ സാങ്കേതിക സമിതിയുടെ യോഗത്തിന് പ്രാധാന്യം ഏറെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന് പുറമേ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കാര്യത്തിലും തീരുമാനമുണ്ടാകും. എന്നുമുതല്‍, മുന്‍ഗണന എങ്ങനെ തുടങ്ങി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ജനുവരി മുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com