'ഗ്രാമങ്ങളില്‍ കടന്നു കയറുന്നു'; ബിഎസ്എഫിനെ നിരീക്ഷിക്കണം; പൊലീസിന് മമതയുടെ നിര്‍ദേശം

നാഗാലാന്റില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിവെപ്പില്‍ പതിനാല് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ബംഗാള്‍ മുഖ്യമന്ത്രിയുടെ നടപടി
മമത ബാനര്‍ജി /ഫയല്‍ ചിത്രം
മമത ബാനര്‍ജി /ഫയല്‍ ചിത്രം


കൊല്‍ക്കത്ത: ബിഎസ്എഫിനെ നിരീക്ഷിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നാഗാലാന്റില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിവെപ്പില്‍ പതിനാല് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ബംഗാള്‍ മുഖ്യമന്ത്രിയുടെ നടപടി. അയല്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ബിഎസ്എഫിനെ നിരീക്ഷിക്കാനാണ് മമതയുടെ നിര്‍ദേശം. 

ബിഎസ്എഫ് അധികാര പരിധി ലംഘിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും ക്രമസമാധാന പാലനം ഒരു സംസ്ഥാന വിഷയമായി നിലനിര്‍ത്തുമാണ് മമതയുടെ നിര്‍ദേശം. 

'ഇതൊരു പ്രശ്‌നമാണെന്ന് എനിക്കറിയാം. ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ നമ്മുടെ ഗ്രാമങ്ങളില്‍ പ്രവേശിക്കുകയും ഗ്രാമീണരെ അവഹേളിക്കുകയും ചെയ്യുന്നതായി പരാതികള്‍ ലഭിക്കുന്നുണ്ട്. അവരുടെ അധികാര പരിധിയില്‍പ്പെടാത്ത സ്ഥലങ്ങളിലേക്ക് അവര്‍ പോകുന്നുണ്ട്. 

നാഗാലാന്റില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടതാണ്. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് സീതാല്‍കുച്ചിലും കുച്ച്ബിഹാറിലും നടന്ന വെടിവെപ്പില്‍ മൂന്നുപേരാണ് മരിച്ചത്. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാരും ഇന്‍സ്‌പെക്ടര്‍മാരും ജാഗ്രത പാലിക്കണം'-അഡ്മിനിസ്‌ട്രേറ്റീവ് റിവ്യു മീറ്റിങ്ങില്‍ മമത പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

ബിഎസ്എഫിന്റെ അധികാര പരിധി വികസിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് എതിരെ നേരത്തെ മത രംഗത്തുവന്നിരുന്നു. ഫെഡറല്‍ സംവിധാനത്തിലേക്കുള്ള കടന്നുകയറ്റം എന്നാണ് മുഖ്യമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. 

'അയല്‍ രാജ്യങ്ങളുമായി മാന്യമായ സഹകരണമാണ് നടന്നുവരുന്നത്. അതിര്‍ത്തികളില്‍ പ്രശ്‌നമില്ല. ആശങ്ക സൃഷ്ടിക്കുന്നതിന്റെ ആവശ്യമില്ല. ക്രമസമാധാന പാലനം സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍പ്പെടുന്നതാണ്'-മമത പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com