ബിപിൻ റാവത്ത് പേരു പറഞ്ഞു, പുറത്തെടുത്തപ്പോൾ ജീവനുണ്ടായിരുന്നു; മരിച്ചത് ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴിക്ക്

'ഞങ്ങള്‍ അദ്ദേഹത്തെ എടുത്തുകൊണ്ടുപോകുമ്പോള്‍ വളരെ പതിഞ്ഞ ശബ്ദത്തില്‍ പ്രതിരോധ സേനാംഗങ്ങളോട് ഹിന്ദിയില്‍ സംസാരിക്കുന്നുണ്ടായിരുന്നു'
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ; അപകടത്തിൽപ്പെട്ട ഹെലികോപ്ടറിൽ നിന്ന് പുറത്തെടുക്കുമ്പോൾ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന് ജീവനുണ്ടായിരുന്നതായി റിപ്പോർട്ട്. ബിപിൻ റാവത്ത് തൻറെ പേര് പറഞ്ഞതായും ഹിന്ദിയിൽ ചില കാര്യങ്ങൾ പറയുന്നുണ്ടായിരുന്നെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ എൻ സി മുരളി മാധ്യമത്തിനോട് വെളിപ്പെടുത്തി. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് ബിപിൻ റാവത്ത് മരിച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നു. 

പതിഞ്ഞ ശബ്ദത്തിൽ ഹിന്ദിയിൽ സംസാരിച്ചു

രണ്ടു പേരെയാണ് ജീവനോടെ പുറത്തെടുത്തത്. സംയുക്ത സൈനിക മേധാവി വിപിന്‍ റാവത്തായിരുന്നു ഒരാള്‍. ഞങ്ങള്‍ അദ്ദേഹത്തെ എടുത്തുകൊണ്ടുപോകുമ്പോള്‍ വളരെ പതിഞ്ഞ ശബ്ദത്തില്‍ പ്രതിരോധ സേനാംഗങ്ങളോട് ഹിന്ദിയില്‍ സംസാരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേരും പറയുന്നുണ്ടായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അദ്ദേഹം മരിച്ചു- രക്ഷാപ്രവര്‍ത്തനത്തിലുണ്ടായിരുന്നു മുരളി വ്യക്തമാക്കി. ഗുരുതരമായി പൊള്ളലേറ്റിരുന്ന റാവത്തിനെ ബിഡ് ഷീറ്റില്‍ പൊതിഞ്ഞാണ് ആംബുലന്‍സില്‍ കയറ്റിയത്.

ദുർഘടമായ പ്രദേശമായിരുന്നതിനാൽ ഫയർഫോഴ്സ് എഞ്ചിനുകൾക്ക് പ്രദേശത്ത് എത്താൻ താമസമുണ്ടായി. ഇത് രക്ഷാപ്രവർത്തനത്തിന് ചെറിയ പ്രതിസന്ധി സൃഷ്ടിച്ചു. കുടങ്ങളിൽ വെള്ളം നിറച്ച് ആദ്യം തീയണയ്ക്കാൻ ശ്രമം നടന്നെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.  ഊട്ടിക്ക് സമീപം കുനൂരിലാണ് ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണത്. ബിപിൻ റാവത്തും ഭാര്യയും ഉൾപ്പടെ 13 പേരാണ് മരിച്ചത്. രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ്. 

ബിപിൻ റാവത്തിന്റെ സംസ്കാരം നാളെ

ഹെലികോപ്ടര്‍ ദുരന്തത്തിൽ മരിച്ചവരുടെ പൊതുദർശനം വെല്ലിങ്ടൺ സൈനിക കോളജിൽ പത്ത് മണിയോടെ നടക്കും. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനടക്കം പ്രമുഖർ ആദരാഞ്ജലി അർപ്പിക്കും. തുടർന്ന് ബിപിൻ റാവത്തിന്റെ മൃതദേഹം ഡൽഹിയിലേക്ക് കൊണ്ടുപോകും. പൊതുദർശനത്തിന് ശേഷം നാളെയാകും സംസ്കാരം നടക്കുക. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com