ബിപിന്‍ റാവത്തിന് വിട;  മൃതദേഹം ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും, സംസ്‌കാരം നാളെ

ഹെലികോപ്റ്റർ അപകടത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് പാർലമെൻറിൽ വിശദമായ പ്രസ്താവന നടത്തും
ബിപിന്‍ റാവത്ത്
ബിപിന്‍ റാവത്ത്


ന്യൂഡൽഹി: കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ  സംസ്കാരം നാളെ നടക്കും. ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിൻറെ മൃതദേഹം ഇന്ന് ഡൽഹിയിൽ എത്തിക്കും. ഹെലികോപ്റ്റർ അപകടത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് പാർലമെൻറിൽ വിശദമായ പ്രസ്താവന നടത്തും. 

നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് വൈകുന്നേരത്തോടെ വ്യോമസേനയുടെ വിമാനത്തിലാണ് മൃതദേഹം ഡൽഹിയിലെത്തിക്കുക. വെള്ളിയാഴ്ച ഔദ്യോഗിക വസതിയിൽ രാവിലെ 11 മണി മുതൽ 2 മണി വരെ പൊതുദർശനത്തിന് വെക്കും. കാമരാജ് മാർഗിൽ നിന്നും വിലാപയാത്രയായി മൃതദേഹം ഡൽഹി കൻറോൺമെൻറിലെത്തിക്കും. ബ്രോർ സ്ക്വയറിൽ ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്കാര ചടങ്ങുകൾ. അപകടത്തിൽ മരിച്ച സൈനികരുടെ മൃതദേഹങ്ങൾ കുടുംബത്തിന് വിട്ടു നൽകും. ഉത്തരാഖണ്ഡിൽ മുന്ന് ദിവസം ദു:ഖാചരണം നടത്തും.

രാജ്യത്തെ നടുക്കിയ ദുരന്തത്തില്‍ രക്ഷപെട്ടത് വരുണ്‍ സിംഗ് മാത്രം

ബിപിൻ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ്. ലിഡർ, ലെഫ്.കേണൽ ഹർജീന്ദർ സിങ്, എൻ.കെ. ഗുർസേവക് സിങ്, എൻ.കെ. ജിതേന്ദ്രകുമാർ, ലാൻസ് നായിക്, വിവേക് കുമാർ, ലാൻസ് നായിക് ബി. സായ് തേജ, ഹവീൽദാർ സത്പാൽ എന്നിവരാണ് അപകടത്തിൽ പെട്ട ഹെലിക്കോപ്റ്ററിലുണ്ടായിരുന്നത്. അപകടത്തിൽ നിന്നും ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് മാത്രമാണ്  രക്ഷപ്പെട്ടത്. ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. 

ദില്ലിയിൽ നിന്നും ബുധനാഴ്ച രാവിലെ ഒൻപത് മണിക്കാണ് ജനറൽ ബിപിൻ റാവത്തും സംഘവും പുറപ്പെട്ടത്.  മണിക്കൂറുകൾക്കുള്ളിൽ രാജ്യത്തെ നടുക്കി ആ ദുരന്ത വാർത്ത പുറത്തുവന്നു. സംയുക്ത സൈനിക മേധാവിയും ഭാര്യയും ഉദ്യോഗസ്ഥ സംഘവും ഹെലികോപ്റ്റർ ദുരന്തത്തിൽ പെട്ടെന്നും ജനറൽ ബിപിൻ റവത്തിൻറെ ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു വ്യോമസേന ആദ്യ ഔദ്യോഗിക വിവരം പുറത്ത് വിട്ടത്. പിന്നാലെ മരണ വാര്‍ത്തയും എത്തി.
മോശം കാലാവസ്ഥ അപകടകാരണമായെന്ന പ്രാഥമിക വിലയിരുത്തലാണ് ഉള്ളത്. അപകടത്തെ കുറിച്ച് പാർലമെന്റിൽ ഇന്നലെ തന്നെ വിശദമായ പ്രസ്താവന രാജ്നാഥ് നടത്തുമെന്ന സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. എന്നാൽ അത് ഇന്നത്തേക്ക് മാറ്റി. ഡിഎൻഎ പരിശോധന അടക്കമുള്ള നടപടികൾ പൂർത്തിയാകാനുള്ള സാഹചര്യം പരിഗണിച്ചാണ് ഇത് എന്ന് സൂചനയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com