11.48 ന് പറന്നുയര്‍ന്നു; 12.08 ന് എടിസിയുമായി ബന്ധം നഷ്ടപ്പെട്ടു; അപകടം സംയുക്ത സേനാ സംഘം അന്വേഷിക്കുമെന്ന് രാജ്‌നാഥ് സിങ്

എയര്‍മാര്‍ഷല്‍ മാനവേന്ദ്ര സിങ് അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു
രാജ്നാഥ് സിങ് പാർലമെന്റിൽ പ്രസ്താവന നടത്തുന്നു/ എഎൻഐ ചിത്രം
രാജ്നാഥ് സിങ് പാർലമെന്റിൽ പ്രസ്താവന നടത്തുന്നു/ എഎൻഐ ചിത്രം

ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുള്ള സൈനിക ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടം സംയുക്ത സേനാ സംഘം അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. എയര്‍മാര്‍ഷല്‍ മാനവേന്ദ്ര സിങ് അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ജനറല്‍ ബിപിന്‍ റാവത്തിന്റെ  അപകടമരണത്തില്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയായിരുന്നു രാജ്‌നാഥ് സിങ്. 

അപകടത്തില്‍ മരിച്ച എല്ലാ സൈനികരുടേയും മൃതദേഹം ഡല്‍ഹിയിലെത്തിക്കും. സൈനീക ബഹുമതികളോടെ ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുള്ളവരുടെ മൃതദേഹം സംസ്‌കരിക്കും. 11.48 ന് സുലൂര്‍ വ്യോമതാവളത്തില്‍ നിന്നാണ് ഹെലികോപ്റ്റര്‍ യാത്ര പുറപ്പെട്ടത്. 12.15 ന് പരിപാടി നടക്കുന്ന വെല്ലിങ്ടണില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ 12.08 ന് ഹെലികോപ്റ്ററിന് എടിസിയുമായുള്ള ബന്ധം നഷ്ടമായി എന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. 

വരുൺ സിങിന്റെ നില അതീവ ​ഗുരുതരം

അപകടത്തില്‍ ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരില്‍ 13 പേരും മരിച്ചു. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രമാണ് രക്ഷപ്പെട്ടത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില അതീവഗുരുതരമാണ്. അദ്ദേഹം കര്‍ശന നിരീക്ഷണത്തിലാണ്. ആവശ്യമെങ്കില്‍ സൈനിക ആശുപത്രിയിലേക്ക് മാറ്റുമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ബിപിന്‍ റാവത്തിന്റേയും സൈനിക ഉദ്യോഗസ്ഥരുടേയും മരണത്തില്‍ ലോക്‌സഭയും രാജ്യസഭയും അനുശോചിച്ചു. 

സോണിയയുടെ പിറന്നാൾ ആഘോഷം റദ്ദാക്കി

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ 75-ാം പിറന്നാള്‍ ആണ് ഇന്ന്. എന്നാല്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് പിറന്നാള്‍ ആഘോഷങ്ങളൊന്നും ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ബിപിന്‍ രാവത്തിന്റെ വേര്‍പാടില്‍ അനുശോചിച്ച് വ്യക്തിപരമായും പാര്‍ട്ടിയുടേയും ഇന്നത്തെ പരിപാടികളെല്ലാം റദ്ദു ചെയ്തതായി സോണിയാഗാന്ധി അറിയിച്ചു. 

അന്ത്യാഞ്ജലി

അതിനിടെ ജനറല്‍ ബിപിന്‍ റാവത്തിന്റെ മൃതദേഹം ഊട്ടി വെല്ലിംഗ്ടണ്‍ മദ്രാസ് റെജിമെന്റ് സെന്ററില്‍ പൊതുദര്‍ശനത്തിന് വെച്ചു. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി, മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, സംസ്ഥാനമന്ത്രിമാര്‍, സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തി. ഉച്ചയോടെ സുലൂര്‍ സൈനികതാവളത്തിലേക്ക് കൊണ്ടുപോകുന്ന ബിപിന്‍ റാവത്തിന്റേയും ഭാര്യയുടേയും മൃതദേഹം വൈകീട്ട് നാലുമണിയോടെ ഡല്‍ഹിയിലെത്തിക്കും. 

സംസ്‌കാരം നാളെ ഡല്‍ഹിയില്‍

ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റേയും സംസ്‌കാരം നാളെ ഡല്‍ഹിയില്‍ നടക്കും.ഡല്‍ഹിയിലെ വസതിയില്‍ രാവിലെ പൊതുദര്‍ശനത്തിന് വെച്ചശേഷമാകും സംസ്‌കാരം. ഖത്തര്‍ സന്ദര്‍ശനത്തിന് പുറപ്പെട്ട കരസേന ഉപമേധാവി ലഫ്റ്റനന്റ് ജനറല്‍ സിപി മൊഹന്തി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഡല്‍ഹിയിലേക്ക് തിരിച്ചു. അതിനിടെ, അപകടത്തില്‍പ്പെട്ട വ്യോമസേന ഹെലിക്കോപ്റ്ററിന്റെ ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. അപകടസമയത്ത് എന്താണ് സംഭവിച്ചത് എന്നറിയാന്‍ ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ സഹായിക്കും.

അപകടസ്ഥലത്ത് വ്യോമസേന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ പരിശോധന തുടരുകയാണ്.  വിങ് കമാന്‍ഡര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് പരിശോധന. 25 പേരാണ് പരിശോധനാ സംഘത്തിലുള്ളത്. വ്യോമസേനാ മേധാവി വിവേക് റാം ചൗധരിയും സ്ഥലത്തെത്തി പരിശോധന നടത്തി. ഫ്‌ലൈറ്റ് റെക്കോര്‍ഡര്‍ പരിശോധനയിലൂടെ സുരക്ഷാസംവിധാനത്തില്‍ ഏതെങ്കിലും വിധത്തിലുള്ള പാളിച്ച ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധനയില്‍ വ്യക്തമാകും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com