ഓണ്‍ലൈന്‍ തട്ടിപ്പ്: വിനോദ് കാംബ്ലിയുടെ 1.14 ലക്ഷം നഷ്ടമായി

ഓണ്‍ലൈന്‍ തട്ടിപ്പില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്ക് പണം നഷ്ടമായി
വിനോദ് കാംബ്ലി/ട്വിറ്റര്‍
വിനോദ് കാംബ്ലി/ട്വിറ്റര്‍

മുംബൈ: ഓണ്‍ലൈന്‍ തട്ടിപ്പില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്ക് പണം നഷ്ടമായി. 1.14 ലക്ഷം രൂപയാണ് തട്ടിപ്പുകാര്‍ കാംബ്ലിയുടെ അക്കൗണ്ടില്‍നിന്നു തട്ടിയത്. പിന്നീട് പൊലീസ് സഹായത്തോടെ പണം വീണ്ടെടുത്തു. 

കെവൈസി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുമെന്ന സന്ദേശമാണ് കാംബ്ലിക്കു വിനയായത്. ബാങ്ക് എക്‌സിക്യുട്ടീവ് എന്ന വ്യാജേന തട്ടിപ്പുകാര്‍ കാംബ്ലിയെ സമീപിക്കുകയായിരുന്നു. 

ഫോണില്‍ ബന്ധപ്പെട്ട ഇയാള്‍ക്ക് കാംബ്ലി തന്റെ കെവൈസി വിവരങ്ങള്‍ നല്‍കുകയും ചെയ്തു. ഫോണില്‍ ബന്ധപ്പെട്ടയാള്‍ പറഞ്ഞതനുസരിച്ച് 'എനി  ഡെസ്‌ക്' എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു. ഇതോടെ തട്ടിപ്പുകാരന് കാംബ്ലിയുടെ അക്കൗണ്ട് ഉപയോഗിക്കാന്‍ സാധിക്കുകയായിരുന്നു. 

വിളിക്കുന്നയാളിന്റെ കാര്യത്തില്‍ സംശയം തോന്നിയ കാംബ്ലി ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് വിവരം അറിയുന്നത്. 

ഉടന്‍ തന്നെ ബാന്ദ്ര പൊലീസില്‍ പരാതി നല്‍കി. പൊലീസിന്റെ സൈബര്‍ ടീമിന്റെ ഇടപെടലിനെ തുടര്‍ന്ന് താരത്തിന് നഷ്ടമായ പണം തിരികെ ലഭിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com