റാവത്തും മധുലികയും ഗംഗയില്‍ 'ലയിച്ചു'; ചിതാഭസ്മം ഹരിദ്വാറില്‍ നിമജ്ജനം ചെയ്ത് മക്കള്‍

ജനറല്‍ റാവത്തിന്റെയും ഭാര്യയുടേയും ഭൗതികദേഹങ്ങള്‍ ഇന്നലെ വൈകീട്ടാണ് ഡല്‍ഹിയില്‍ സമ്പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചത്
ചിതാഭസ്മം ഹരിദ്വാറിൽ ഒഴുക്കുന്നു/ ട്വിറ്റർ ചിത്രം
ചിതാഭസ്മം ഹരിദ്വാറിൽ ഒഴുക്കുന്നു/ ട്വിറ്റർ ചിത്രം

ന്യൂഡല്‍ഹി: ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലികയുടേയും ചിതാഭസ്മം ഗംഗയില്‍ ലയിച്ചു. ആചാരങ്ങളുടെ ഭാഗമായി ഇവരുടെ മക്കളായ കൃതികയും താരിണിയും ചേര്‍ന്ന് മാതാപിതാക്കളുടെ ചിതാഭസ്മം ഹരിദ്വാറില്‍ നിമജ്ജനം ചെയ്തു. ഊട്ടിയിലെ കുനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യയുടേയും ഭൗതികദേഹങ്ങള്‍ ഇന്നലെ വൈകീട്ടാണ് ഡല്‍ഹിയില്‍ സമ്പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചത്.

ഡല്‍ഹി ബ്രാര്‍ ശ്മശാനത്തില്‍ നിന്നും ഇന്നു രാവിലെ ശേഖരിച്ച ചിതാഭസ്മമാണ് മക്കളായ കൃതികയും താരിമിയും ചേര്‍ന്ന് ഹരിദ്വാറില്‍ ഒഴുക്കിയത്. ഡല്‍ഹി ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തില്‍ ഒരേ ചിതയിലാണ് ജനറല്‍ ബിപിന്‍ റാവത്തിനും ഭാര്യ മധുലികയേയും അടക്കിയത്. മക്കളായ കൃതികയും തരുണിയും ചിതയില്‍ അഗ്‌നി പകര്‍ന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഒപ്പമുണ്ടായിരുന്നു. 

 മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍, വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ജനറല്‍ ബിപിന്‍ റാവത്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തി. ഡല്‍ഹി കാംരാജ് നഗറിലെ വസതിയില്‍ നിന്നും വിലാപയാത്രയായി മൃതദേഹം ബ്രാര്‍ ശ്മശാനത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ വന്‍ പൗരാവലിയാണ് അമര്‍ രഹേ വിളികളുമായി മൃതദേഹത്തെ അനുഗമിച്ചത്. 

ബുധനാഴ്ചയാണ് രാജ്യത്തെ നടുക്കിയ ഹെലികോപ്ടര്‍ ദുരന്തം ഉണ്ടായത്. ഊട്ടിക്കടുക്ക് വെല്ലിങ്ടണില്‍ സൈനിക പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ബിപിന്‍ റാവത്തും സംഘവും. കൂനൂരിന് സമീപം തകര്‍ന്നുവീണ ഹെലികോപ്ടറില്‍ റാവത്ത് അടക്കം 14 പേരുണ്ടായിരുന്നു. ഇതില്‍ 13 പേരും മരിച്ചു. രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അതീവഗുരുതരാവസ്ഥയില്‍ ബംഗലൂരുവില്‍ ചികിത്സയിലാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com