ഹിന്ദുക്കളുടെ ഭരണം തിരികെക്കൊണ്ടുവരണം; ഹിന്ദുത്വവാദികളെ പുറത്താക്കണം: രാഹുല്‍ ഗാന്ധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2021 04:49 PM  |  

Last Updated: 12th December 2021 04:49 PM  |   A+A-   |  

rahul gandhi visit

രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം


ജയ്പുര്‍: ഇന്ത്യയില്‍ 'ഹിന്ദുവും 'ഹിന്ദുത്വവാദിയും' തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അധികാരത്തിന് വേണ്ടിയുള്ള അന്വേഷണമാണ് ഹിന്ദുത്വവാദികളുടെ മുഖമുദ്രയെന്നും രാഹുല്‍ പറഞ്ഞു. രാജസ്ഥാനില്‍ നടന്ന കോണ്‍ഗ്രസിന്റെ മെഗാറാലിയില്‍ സംസാരിക്കവെയാണ് രാഹുല്‍ ബിജെപിയെ കടന്നാക്രമിച്ചത്.

'ഹിന്ദുവും ഹിന്ദുത്വവാദിയും വ്യത്യസ്ത അര്‍ഥങ്ങളുള്ള വാക്കുകളാണ്. ഞാന്‍ ഹിന്ദുവാണ്, ഹിന്ദുത്വവാദിയല്ല. മഹാത്മാ ഗാന്ധി ഒരു ഹിന്ദുവായിരുന്നു. ഗോഡ്സെ ഹിന്ദുത്വവാദിയും. മഹാത്മഗാന്ധി സത്യാന്വേഷണത്തിനായി തന്റെ ജീവിതം ചെലവഴിച്ചു. നാഥുറാം ഗോഡ്സെ മൂന്ന് വെടിയുണ്ടകള്‍കൊണ്ട് അദ്ദേഹത്തിന്റെ ജീവനെടുത്തു', രാഹുല്‍ പറഞ്ഞു.

ഹിന്ദുത്വവാദികള്‍ ജീവിതം മുഴുവന്‍ അധികാരം തേടിയാണ് ചെലവഴിക്കുന്നത്. അധികാരമല്ലാതെ അവര്‍ക്ക് മറ്റൊന്നുമില്ല. അതിനായി അവര്‍ എന്തും ചെയ്യും. ഈ രാജ്യം ഹിന്ദുക്കളുടേതാണ്, ഹിന്ദുത്വവാദികളുടേതല്ല.

ഹിന്ദുത്വവാദികള്‍ 2014 മുതല്‍ അധികാരം കൈയ്യാളുകയാണ്. നമുക്ക് ഈ ഹിന്ദുത്വവാദികളെ അധികാരത്തില്‍ നിന്ന് പുറത്താക്കി ഹിന്ദുക്കളെ തിരികെ കൊണ്ടുവരേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞു.

'ആരാണ് ഹിന്ദു? എല്ലാവരെയും ആശ്ലേഷിക്കുന്ന, ആരെയും ഭയക്കാത്ത, എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവന്‍ ആണ് ഹിന്ദു. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന എല്ലാ മതങ്ങളേയും ബഹുമാനിക്കുന്ന സത്യത്തിന്റെ പാതയിലുള്ള ഹിന്ദുക്കളുടെ ഭരണം നമുക്ക് തിരികെ കൊണ്ടുവരണം', രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

രാഹുലിന് മുമ്പായി സംസാരിച്ച പ്രിയങ്കയും ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി. നമ്മുടെ ടൂറിസ്റ്റ് പ്രധാനമന്ത്രി ലോകം മുഴുവന്‍ കറങ്ങി. നമ്മുടെ കര്‍ഷകരെ കാണാന്‍ പത്ത് കിലോമീറ്റര്‍ അപ്പുറത്തേക്ക് പോയില്ല. ഇത്തരമൊരു സര്‍ക്കാരാണ് ഇവിടെയുള്ളതെന്നും അവര്‍ പറഞ്ഞു.

പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് കെട്ടിപ്പടുത്ത രാജ്യത്തെ ഏതാനും വ്യവസായികള്‍ക്കായി വില്‍ക്കുകയാണ്. കഴിഞ്ഞ ഏഴ് വര്‍ഷംകൊണ്ട് ഈ രാജ്യത്ത് നിങ്ങള്‍ എന്താണ് കൊണ്ടുവന്നതെന്ന് വ്യക്തമാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.