'സിബിഎസ്ഇ ആറു ഗ്രേസ് മാര്‍ക്ക് നല്‍കും'; ഓഡിയോ ക്ലിപ്പില്‍ വിശദീകരണവുമായി ബോര്‍ഡ്

അക്കൗണ്ടന്‍സി ചോദ്യത്തില്‍ പിഴവുണ്ടായെന്നും അതിന് ആറു മാര്‍ക്ക് എല്ലാ വിദ്യാര്‍ഥികള്‍ക്കും നല്‍കുമെന്നുമാണ്, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സിന്റെ പേരില്‍ പ്രചരിക്കുന്ന ക്ലിപ്പില്‍ പറയുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് അറിയിച്ചുകൊണ്ട് പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പ് വ്യാജമെന്ന് ബോര്‍ഡ് അറിയിച്ചു. അക്കൗണ്ടന്‍സി ചോദ്യത്തില്‍ പിഴവുണ്ടായെന്നും അതിന് ആറു മാര്‍ക്ക് എല്ലാ വിദ്യാര്‍ഥികള്‍ക്കും നല്‍കുമെന്നുമാണ്, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സിന്റെ പേരില്‍ പ്രചരിക്കുന്ന ക്ലിപ്പില്‍ പറയുന്നത്.

ഇത്തരത്തില്‍ ഒരു ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അതു തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ക്ലിപ്പിന്റെ അടിസ്ഥാനത്തില്‍ ചിലര്‍ വാര്‍ത്ത നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയവര്‍ ആരും പരീക്ഷാ കണ്‍ട്രോളറോടു സംസാരിച്ച് ഉറപ്പുവരുത്തിയിട്ടില്ലെന്നും ബോര്‍ഡ് പറഞ്ഞു. ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്ന് ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.

'വിദ്യാര്‍ഥികള്‍ വിഷമിക്കേണ്ടതില്ല, 31 ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയിട്ടുണ്ടെങ്കില്‍ 38 മാര്‍ക്ക് ഉറപ്പായും ലഭിക്കും' എന്നാണ് പരീക്ഷാ കണ്‍ട്രോളറുടെ പേരില്‍ പ്രചരിക്കുന്ന ക്ലിപ്പില്‍ പറയുന്നത്. ആറുമാര്‍ക്കു വരെ സിബിഎസ്ഇ ഗ്രേസ് മാര്‍ക്കായി നല്‍കുമെന്നും ക്ലിപ്പില്‍ പറയുന്നു. 

സ്ത്രീവിരുദ്ധമെന്ന് ആക്ഷേപിക്കപ്പെട്ട ചോദ്യം ഒഴിവാക്കിയതായും അതിന്റെ മുഴുവന്‍ മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കു നല്‍കുമെന്നും സിബിഎസ്ഇ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് വ്യാജ സന്ദേശം പ്രചരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com