സ്ത്രീകളുടെ അവകാശങ്ങളിലേക്കും സ്വകാര്യതയിലേക്കുമുള്ള കടന്നുകയറ്റം; വിപരീതഫലം ഉണ്ടാക്കും; വിവാഹപ്രായം 21 ആക്കാനുളള നീക്കത്തെ എതിര്‍ത്ത് മഹിളാ അസോസിയേഷന്‍

പെണ്‍കുട്ടികളുടെ ഏറ്റവും കുറഞ്ഞ വിവാഹപ്രായം 21 വയസ്സാക്കാനുള്ള തീരുമാനത്തിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ ഏറ്റവും കുറഞ്ഞ വിവാഹപ്രായം 21 വയസ്സാക്കാനുള്ള തീരുമാനത്തിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കുന്നതില്‍ നിന്ന് പെണ്‍കുട്ടികളെ തടയുന്നതിന് കാരണമാകുമെന്ന് മഹിളാ അസോസിയേഷന്‍ പറയുന്നു

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സില്‍ നിന്ന് 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്ര കാബിനറ്റ് തീരുമാനത്തോട് ശക്തമായി വിയോജിക്കുന്നു. ജനങ്ങളുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളായ പോഷകാഹാരം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവ നിറവേറ്റുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ട ഇന്നത്തെ സാഹചര്യത്തില്‍ സ്ത്രീശാക്തീകരണത്തിനായി നടത്തുന്ന ഈ നീക്കം തീര്‍ത്തും ഫലപ്രദമല്ല.

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കുന്നതില്‍ നിന്ന് പെണ്‍കുട്ടികളെ തടയുന്നതിന് കാരണമാകുമെന്നതിനാല്‍ ഈ നീക്കം യഥാര്‍ത്ഥത്തില്‍ വിപരീതഫലമുണ്ടാക്കും. ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം ചെയ്യുക എന്നത് തന്നെ ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി ആയിരിക്കുന്ന ഈ സമൂഹത്തില്‍ ഈ നിയമം പെണ്‍കുട്ടികളുടെ ലൈംഗികതയെ നിയന്ത്രിക്കുന്നതിനുള്ള ഒരു മാര്‍ഗമായി പ്രവര്‍ത്തിക്കും.

പഠനങ്ങളും നമ്മുടെ പൂര്‍വ അനുഭവങ്ങളും തെളിയിക്കുന്നത് ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധങ്ങള്‍ പോലും പലതരത്തില്‍ ക്രിമിനല്‍വല്‍ക്കരിക്കപ്പെടുന്നു എന്നതാണ്. ഇവ പലപ്പോഴും തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, ശൈശവ വിവാഹ നിരോധന നിയമം 2006 പ്രകാരമുള്ള മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയായി ചിത്രീകരിക്കപ്പെടുകയും തുടര്‍ന്ന് ബന്ധങ്ങള്‍ തകരുകയും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആണ്‍കുട്ടി ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ അത്തരം നടപടി സ്ത്രീകളുടെ സ്വകാര്യതയ്ക്കും സ്വയം നിര്‍ണയാവകാശത്തിനുമുള്ള അടിസ്ഥാന ഭരണഘടനാ അവകാശങ്ങളെ ബാധിക്കും.

ലിംഗസമത്വം കൊണ്ടുവരാന്‍ സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തണമെന്ന വാദവും തെറ്റാണ്. 18 വയസ്സ് പൂര്‍ത്തിയാവുമ്പോള്‍ എല്ലാ വ്യക്തികള്‍ക്കും വോട്ടവകാശവും കരാറുകളില്‍ ഏര്‍പ്പെടാനുള്ള അവകാശവും ലഭിക്കുന്നു. അതിനാല്‍ ആണ്‍കുട്ടികളുടെ വിവാഹ പ്രായം 18 വയസ്സായി നിജപ്പെടുത്തി കുറയ്ക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട. ആണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കണമെന്ന് 18ാം നിയമ കമ്മീഷനും ശുപാര്‍ശ ചെയ്തിരുന്നു. ഇത് ആണ്‍കുട്ടിയെ വിവിധ ക്രിമിനല്‍ ശിക്ഷകള്‍ക്ക് വിധേയമാക്കുന്നതില്‍ നിന്ന് തടയുന്നതിനു വേണ്ടിയായിരുന്നു.

വിവാഹപ്രായം വര്‍ധിപ്പിക്കാനുള്ള ഈ നീക്കം ഐസിഡിഎസ്, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ പോഷകാഹാര പരിപാടികള്‍ക്ക് മതിയായ വിഭവങ്ങള്‍ അനുവദിക്കാന്‍ വിസമ്മതിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള തന്ത്രമാണ്. മുന്‍പ് സൂചിപ്പിച്ചതുപോലെ, ജനനം മുതല്‍ സ്ത്രീകളുടെ പോഷകാഹാര നിലവാരം കുറവാണെങ്കില്‍, 21ാം വയസ്സില്‍ വിവാഹിതരാകുകയും അതിനുശേഷം കുട്ടികള്‍ ഉണ്ടാകുന്നതും വഴി മാതൃ ശിശു ആരോഗ്യമോ മരണനിരക്കോ മെച്ചപ്പെടുത്താന്‍ കഴിയില്ല. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള ഈ സര്‍ക്കാര്‍ നീക്കം പിന്‍വലിക്കണമെന്ന് മഹിളാ അസോസിയേഷന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com