'രക്ഷപ്പെടാനായില്ലെങ്കില്‍ ബലാത്സംഗം ആസ്വദിക്കണം'; വിവാദ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് കോണ്‍ഗ്രസ് എംഎല്‍എ, പ്രതിഷേധം

കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം പുകയുന്നു
കെ ആര്‍ രമേശ് കുമാര്‍, ഫയല്‍ ചിത്രം
കെ ആര്‍ രമേശ് കുമാര്‍, ഫയല്‍ ചിത്രം

ബംഗളൂരു:  കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം പുകയുന്നു. രക്ഷപ്പെടാന്‍ കഴിയാത്ത അവസ്ഥ വന്നാല്‍ ബലാത്സംഗം ആസ്വദിക്കണമെന്ന കോണ്‍ഗ്രസ് എംഎല്‍എ കെ ആര്‍ രമേശ് കുമാറിന്റെ പരാമര്‍ശമാണ് വിവാദമായത്. സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം കനത്തതോടെ, രമേശ് കുമാര്‍ നിയമസഭയിലും ട്വിറ്ററിലും മാപ്പുപറഞ്ഞു.

അതിനിടെ വിഷയം കേന്ദ്രമന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്റില്‍ ഉന്നയിച്ചു. കേന്ദ്രമന്ത്രി അജയ്മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് എംഎല്‍എയുടെ പരാമര്‍ശം ഓര്‍മ്മിപ്പിച്ച് സ്മൃതി ഇറാനി കോണ്‍ഗ്രസിനെതിരെ തിരിഞ്ഞത്. 

'സ്ത്രീകളുടെ അവസ്ഥയില്‍ മാറ്റം വരണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ കോണ്‍ഗ്രസ് എംഎല്‍എയെ വിമര്‍ശിക്കാന്‍ ആദ്യം തയ്യാറാവണം. തുടര്‍ന്ന് എംഎല്‍എയ്ക്ക് എതിരെ നീതിയുക്തമായ നിലയില്‍ സംഘടനാപരമായ നടപടി സ്വീകരിക്കണം. എന്നിട്ട് സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് വേണ്ടി ആരെല്ലാം സംസാരിക്കുന്നുണ്ട് എന്ന് കാണാം' - സ്മൃതി ഇറാനിയുടെ വാക്കുകള്‍ ഇങ്ങനെ.

 നിയമസഭയിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ രമേശ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ അംഗങ്ങള്‍ സഭയിലും പുറത്തും പ്രതിഷേധിച്ചു. ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയാണ് രമേശ് കുമാര്‍ സഭയില്‍ മാപ്പ് പറഞ്ഞത്.

ഒഴിവാകാനോ രക്ഷപ്പെടാനോ കഴിയുന്നില്ലെങ്കില്‍ ബലാത്സംഗം ആസ്വദിക്കണമെന്നായിരുന്നു രമേശ് കുമാറിന്റെ പ്രസ്താവന. കാര്‍ഷിക വിഷയങ്ങളില്‍ പ്രതിഷേധം നിയന്ത്രിക്കാന്‍ സ്പീക്കര്‍ക്ക് കഴിയാത്തത് ചൂണ്ടികാട്ടിയായിരുന്നു ഈ വിവാദ പരമാര്‍ശം. മുതിര്‍ന്ന നേതാവിന്റെ പ്രസ്താവന കേട്ട് സ്പീക്കറും പുരുഷന്‍മാരായ മറ്റ് അംഗങ്ങളും പൊട്ടിചിരിച്ചു. സഭാ നടപടി രൂക്ഷവിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതോടെ വനിതാ അംഗങ്ങള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com