കോവിഡ് നഷ്ടപരിഹാരം നല്‍കിയത് 548 പേര്‍ക്ക് മാത്രം; കേരളത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം 

കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി
സുപ്രീംകോടതി, ഫയല്‍ ചിത്രം
സുപ്രീംകോടതി, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി. നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ പരിതാപകരമായ അവസ്ഥയാണ് കേരളത്തിലെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. ഒരാഴ്ചക്കകം നഷ്ടപരിഹാരത്തിനായി ബന്ധുക്കള്‍ നല്‍കിയ അപേക്ഷകളിന്മേല്‍ തീര്‍പ്പുകല്‍പ്പിച്ച് നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാര വിതരണവുമായി ബന്ധപ്പെട്ട് പുതുക്കിയ സത്യവാങ്മൂലം സമര്‍പ്പിക്കാനും സംസ്ഥാനത്തോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായുള്ള ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രാജ്യത്ത് കോവിഡ് മരണങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കേരളം. ഇതുവരെ 40,000ലധികം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ 548 പേര്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം നല്‍കിയത്. ഇതാണ് സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് കാരണം.

നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ കേരളത്തിന്റെ അവസ്ഥ പരിതാപകരമാണെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ 10,777 ബന്ധുക്കളാണ് നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കിയത്. ഇതില്‍ 1948 പേരുടെ അപേക്ഷകളിന്മേല്‍ മാത്രമാണ് തീര്‍പ്പുകല്‍പ്പിച്ചത്. എന്നാല്‍ 548 പേര്‍ക്ക് മാത്രമാണ് 50000 രൂപയുടെ നഷ്ടപരിഹാരം നല്‍കിയത്. നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് എന്ന സംസ്ഥാന സര്‍ക്കാരിന്റെ മറുപടിയില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. ഒരാഴ്ചക്കകം അപേക്ഷ നല്‍കിയ എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. വീഴ്ച സംഭവിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com