പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് കര്‍ഷക നേതാവ്; 'പഞ്ചാബില്‍ എല്ലാ സീറ്റിലും മത്സരിക്കും'

പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് കര്‍ഷക നേതാവ്; 'പഞ്ചാബില്‍ എല്ലാ സീറ്റിലും മത്സരിക്കും'
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ചണ്ഡീഗഢ്: വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി കര്‍ഷക സംഘടനാ നേതാക്കള്‍. ഇതിന്റെ ആദ്യ പടിയായി സമരത്തിന്റെ മുഖ്യ സംഘാടകരില്‍ ഒരാളായ ഗുര്‍നാം സിങ് ചരുനി പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. സംയുക്ത സംഘര്‍ഷ് പാര്‍ട്ടി എന്ന പേരിലാണ് പാര്‍ട്ടി രൂപികരിച്ചിരിക്കുന്നത്. 

പഞ്ചാബ് തെരഞ്ഞെടുപ്പില്‍ സംയുക്ത സംഘര്‍ഷ് പാര്‍ട്ടി എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് ഗുര്‍നാം സിങ് വ്യക്തമാക്കി. രാജ്യത്തെ ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളും വലിയ തോതില്‍ സാമ്പത്തിക അടിത്തറയുള്ളവയാണെന്നും മുതലാളിത്തം രാജ്യത്ത് ശക്തിപ്രാപിക്കുകയാണെന്നും ഗുര്‍നാം സിങ് പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. 

'രാജ്യത്ത് തുടര്‍ച്ചയായി മുതലാളിത്തം ശക്തി പ്രാപിക്കുകയാണ്. പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം വലിയ തോതില്‍ തന്നെ ഇപ്പോഴും തുടരുന്നു. പണമുള്ളവന്‍ പാവപ്പെട്ടവന് വേണ്ടി നയമുണ്ടാക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.' 

'സംയുക്ത സംഘര്‍ഷ് പാര്‍ട്ടി ജാതിക്കും മതത്തിനും അതീതമായിരിക്കും. മതേതരത്വമാണ് പാര്‍ട്ടിയുടെ നിലപാട്. എല്ലാ മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കായും നഗരങ്ങളിലും ഗ്രാമങ്ങളിലും ഉള്ള തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കുമായി നില കൊള്ളുന്ന പാര്‍ട്ടിയായിരിക്കും'- ഗുര്‍നാം സിങ് കൂട്ടിച്ചേര്‍ത്തു. 

വിവിധ കര്‍ഷക സംഘടനകള്‍ സംയുക്തമായാണ് ഒരു വര്‍ഷത്തിനപ്പുറം നീണ്ട ഐതിഹാസിക സമരം നടത്തി വിജയിച്ചത്. ഇതില്‍ ഒരു സംഘടനയെ നയിച്ച നേതാവാണ് ഗുര്‍നാം സിങ്. സമരം നയിച്ച വിവിധ സംഘടനകളില്‍ നിന്ന് ആദ്യത്തെ രാഷ്ട്രീയ പാര്‍ട്ടിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിന് പിന്നാലെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com