'ജനമനസ്സുകളില്‍ എനിക്കിന്നും സ്ഥാനമുണ്ട്'; അമേഠി തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്; രാഹുലിന്റെയും പ്രിയങ്കയുടെയും വന്‍ റാലി

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് അടുക്കെ, അമേഠിയില്‍ നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്
കോണ്‍ഗ്രസ് റാലിയില്‍ നിന്ന്/എഎന്‍ഐ
കോണ്‍ഗ്രസ് റാലിയില്‍ നിന്ന്/എഎന്‍ഐ

അമേഠി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് അടുക്കെ, അമേഠിയില്‍ നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്. പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും സംയുക്തമായി അമേഠിയില്‍ റാലിനടത്തി. കൂറ്റന്‍ജനക്കൂട്ടമാണ് റാലിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ഇതിന്റെ ദൃശ്യങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയോട് രാഹുല്‍ ഗാന്ധി അമേഠിയില്‍ തോറ്റിരുന്നു. 

തോല്‍വിക്ക് ശേഷം, രണ്ടാം തവണയാണ് രാഹുല്‍ അമേഠിയില്‍ എത്തുന്നത്. അമേഠിയില്‍ പ്രത്യേകിച്ച് മാറ്റമൊന്നും സംഭവിച്ചില്ലെന്നും എല്ലാ തെരുവുകളും മുന്‍പത്തേതു പോലെതന്നെയെന്നും രാഹൂല്‍ പറഞ്ഞു. ജനങ്ങളുടെ കണ്ണില്‍ സര്‍ക്കാരിന് എതിരായ രോഷം മാത്രം പുതുതായി കണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

'ജനമനസ്സുകളില്‍ എനിക്കിന്നും സ്ഥാനമുണ്ട്. നമ്മള്‍ എല്ലാവരും അനീതിക്കെതിരെ ഉറച്ചു നില്‍ക്കുന്ന ആളുകളാണ്. 2004ലാണ് ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് അമേഠിയിലാണ്. ജനങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ എന്നെ പഠിപ്പിച്ചു. നിങ്ങളാണ് എന്റെ രാഷ്ട്രീയപാത തെളിച്ചു തന്നത്, എല്ലാവരോടും നന്ദി പറയുന്നു'- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.       

'കുറച്ചു ദിവസം മുന്‍പ് ഗംഗാ നദിയില്‍ നമ്മുടെ പ്രധാനമന്ത്രി സ്‌നാനം ചെയ്യുന്ന കാഴ്ച കണ്ടു. പക്ഷേ യുപി മുഖ്യമന്ത്രിയോ ഇന്ത്യന്‍ പ്രധാനമന്ത്രിയോ തൊഴിലില്ലായ്മയെ പറ്റിയോ നാണ്യപ്പെരുപ്പത്തെ പറ്റിയോ ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കില്ല. നോട്ടു നിരോധനവും ജിഎസ്ടിയും കോവിഡ് മഹാമാരിയും രാജ്യത്തെ മധ്യവര്‍ഗത്തിന്റെയും പാവപ്പെട്ടവരുടെയും ജീവിതം തളര്‍ത്തിയിരിക്കുകയാണ്.

ജീവിതകാലം മുഴുവന്‍ സത്യത്തിന്റെ പാതയില്‍ നടക്കുന്ന വ്യക്തിയാണ് ഹിന്ദു. അയാള്‍ ഭയത്തിനു കീഴടങ്ങില്ല, തന്റെ ഭയത്തെ വെറുപ്പോ കോപമോ ആയി മാറ്റിയെടുക്കുകയുമില്ല. പക്ഷേ ഒരു ഹിന്ദുത്വവാദി അധികാരത്തില്‍ പിടിച്ചുതൂങ്ങാന്‍ നുണകള്‍  പറയുന്നു. ഹിന്ദുവിന്റെ പാത സത്യഗ്രഹമാണെന്നാണ് മുന്‍പ് മഹാത്മാ ഗാന്ധിജി പറഞ്ഞത്'- രാഹുല്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com