'ജീവനുണ്ടെങ്കിൽ ഭാവിയിലും റാലികൾ നടത്താം'- യുപി തെരഞ്ഞെടുപ്പ് നീട്ടുന്നത് ആലോചിക്കണം; ഹൈക്കോടതി

'ജീവനുണ്ടെങ്കിൽ ഭാവിയിലും റാലികൾ നടത്താം'- യുപി തെരഞ്ഞെടുപ്പ് നീട്ടുന്നത് ആലോചിക്കണം; ഹൈക്കോടതി
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

ലഖ്നൗ: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസത്തേക്ക് നീട്ടി വയ്ക്കുന്നത് ആലോചിക്കണമെന്ന് ഹൈക്കോടതി നിർദേശം. തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും അലഹബാദ് ഹൈക്കോടതിയാണ് ആലോചിക്കണമെന്ന് നിർദേശിച്ചത്. 

വൈറസിന്റെ പുതിയ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആളുകളെ സംഘടിപ്പിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നിർത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. ജീവനുണ്ടെങ്കിൽ ഭാവിയിലും തെരഞ്ഞെടുപ്പും റാലികളും നടത്താമെന്ന് കോടതി നിരീക്ഷിച്ചു. വലിയ രീതിയിൽ പൊതു യോ​ഗങ്ങൾ നടത്തുന്നതിന് പകരം പ്രചാരണം ടെലിവിഷൻ, പത്ര മാധ്യമങ്ങൾ വഴി നടത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം തെരഞ്ഞെടുപ്പ്, ഉത്സവകാലങ്ങൾക്ക് മുന്നോടിയായി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും വീണ്ടും കേന്ദ്ര സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളിൽ രാത്രി കാല കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. സംസ്ഥാനങ്ങളിലെ ഒമൈക്രോൺ വ്യാപനം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ഇന്നലെ ഡൽഹിയിൽ നടന്നിരുന്നു. കോവിഡ് നിയന്ത്രണത്തിൽ സംസ്ഥാനങ്ങൾക്കുള്ള പിന്തുണ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

സംസ്ഥാനങ്ങൾ ജാഗ്രത കൂട്ടണം. താഴേതട്ട് മുതലുള്ള ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. രാജ്യത്ത് ഒമിക്രോൺ വ്യാപനം കൂടുന്ന പശ്ചാത്തലത്തിലാണ് നൈറ്റ് കർഫ്യൂ അടക്കമുള്ള പഴയനിയന്ത്രണ മാർഗങ്ങളിലേക്ക് തിരികെ പോകാനുള്ള കേന്ദ്ര നിർദ്ദേശം വന്നിട്ടുള്ളത്. ആൾക്കൂട്ടം പരമാവധി ഒഴിവാക്കണം.  ആഘോഷങ്ങൾക്ക് നിയന്ത്രണം വേണം. പോസിറ്റിവിറ്റി നിരക്ക് കൂടിയാൽ ആ പ്രദേശത്തെ ഉടൻ കണ്ടയെൻറ്മെൻറ് സോണായി പ്രഖ്യാപിക്കണമെന്നും നിർദ്ദേശമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com