രാത്രിയില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടരുത്, തിയറ്ററിലും ജിമ്മിലും 50 ശതമാനം പേര്‍ മാത്രം; ഒമൈക്രോണ്‍ വ്യാപനത്തില്‍ നിയന്ത്രണം കടുപ്പിച്ച് മഹാരാഷ്ട്ര 

ഒമൈക്രോണ്‍ കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണം കടുപ്പിച്ച് മഹാരാഷ്ട്രയും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ഒമൈക്രോണ്‍ കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണം കടുപ്പിച്ച് മഹാരാഷ്ട്രയും. രാത്രി ഒന്‍പതുമണിക്കും രാവിലെ ആറുമണിക്കും ഇടയില്‍ ആളുകള്‍ കൂട്ടം കൂടുന്നത് നിരോധിച്ചു. ഈസമയത്ത് അഞ്ചോ അതില്‍ കൂടുതലോ ആളുകള്‍ ഒത്തുകൂടരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

പുതുവത്സരാഘോഷങ്ങള്‍ക്ക് ഇനി ഏഴുദിവസം മാത്രം ബാക്കിനില്‍ക്കേയാണ് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ഇന്‍ഡോര്‍ കല്യാണങ്ങളില്‍ പരമാവധി നൂറ് പേര്‍ മാത്രമേ പങ്കെടുക്കാവൂ. പുറത്ത് നടക്കുന്ന കല്യാണങ്ങളില്‍ 250ലധികം ആളുകള്‍ പാടില്ല. ജിം, സ്പാ, തിയറ്റര്‍, സിനിമ ഹാള്‍, ഹോട്ടല്‍ തുടങ്ങി ആളുകള്‍ കൂട്ടം കൂടാന്‍ ഇടയുള്ള സ്ഥലങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 50 ശതമാനം കപാസിറ്റിയില്‍ പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം. സ്‌പോര്‍ട്‌സ് പരിപാടികളില്‍ 25 ശതമാനം ആളുകള്‍ മാത്രമേ പങ്കെടുക്കാവൂ എന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

മുംബൈയില്‍ മാത്രം പുതുതായി 683 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മഹാരാഷ്ട്രയില്‍ നിയന്ത്രണം കടുപ്പിച്ചത്. ഒക്ടോബര്‍ ആറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണിത്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 1410 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒക്ടോബര്‍ 27ന് ശേഷമുള്ള ഉയര്‍ന്ന കണക്കാണിത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com