'ഒരു ചുവടു പിന്നോട്ടുവെച്ചു, വീണ്ടും മുന്നോട്ടുപോകും'; കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവരും?; സൂചന നൽകി കേന്ദ്രമന്ത്രി

'ഞങ്ങള്‍ വീണ്ടും മുന്നോട്ടുപോകും, കാരണം കര്‍ഷകരാണ് ഇന്ത്യയുടെ നട്ടെല്ല്'. കേന്ദ്രകൃഷിമന്ത്രി വ്യക്തമാക്കി
മന്ത്രി നരേന്ദ്ര സിങ് തോമർ /ഫയല്‍ ചിത്രം
മന്ത്രി നരേന്ദ്ര സിങ് തോമർ /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കര്‍ഷകരുടെ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ പിന്‍വലിച്ച കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നേക്കുമെന്ന് സൂചന നല്‍കി കൃഷിമന്ത്രി. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഒരു കര്‍ഷക പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് മന്ത്രി നരേന്ദ്രസിങ് തോമര്‍ ഇത്തരമൊരു സൂചന നല്‍കിയത്. 

ഞങ്ങള്‍ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ കൊണ്ടുവന്നു. പക്ഷെ, ചില ആളുകള്‍ക്ക് ആ നിയമങ്ങള്‍ ഇഷ്ടമായില്ല. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷങ്ങള്‍ക്കു ശേഷം, കാര്‍ഷിക രംഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന വന്‍ പരിഷ്‌കാരമായിരുന്നു അത്. കേന്ദ്രമന്ത്രി പറഞ്ഞു. 

നിയമങ്ങള്‍ പിന്‍വലിച്ചതില്‍ സര്‍ക്കാരിന് നിരാശയില്ല. ഞങ്ങള്‍ ഒരു ചുവടു പിന്നോട്ടുവെച്ചു. പക്ഷെ ഞങ്ങള്‍ വീണ്ടും മുന്നോട്ടുപോകും, കാരണം കര്‍ഷകരാണ് ഇന്ത്യയുടെ നട്ടെല്ല്. കേന്ദ്രകൃഷിമന്ത്രി വ്യക്തമാക്കി. 

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് രണ്ടുദിവസം മുമ്പ്, കാര്‍ഷിക നിയമങ്ങളുടെ ഉദ്ദേശവും കാരണങ്ങളും ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ഒരു കുറിപ്പ് പുറത്തിറക്കിയിരുന്നു. എംപിമാര്‍ക്ക് നല്‍കാനായി കേന്ദ്രകൃഷി മന്ത്രി ഒപ്പിട്ട ആ കുറിപ്പിലും നിയമങ്ങളെ കേന്ദ്രമന്ത്രി ശ്ലാഘിച്ചിരുന്നു. കര്‍ഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള പരിഷ്‌കാരങ്ങള്‍ക്ക് ചിലര്‍ വിലങ്ങുതടിയാകുകയാണെന്ന് സമരക്കാരെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. 

ഗുരുനാനാക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രി വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്ന് കര്‍ഷകര്‍ നടത്തിവന്ന രാജ്യവ്യാപക പ്രക്ഷോഭം അവസാനിപ്പിച്ചു. യുപി, പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിഞ്ഞതെന്ന് ആരോപണവും ഉയര്‍ന്നിരുന്നു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com