അഞ്ച് നോട്ടെണ്ണല്‍ മെഷീനുകള്‍, 36 മണിക്കൂര്‍ നീണ്ട പരിശ്രമം; കാണ്‍പൂര്‍ വ്യവസായിയില്‍ നിന്നും പിടിച്ചെടുത്തത് 177.45 കോടി; ഷെല്‍ കമ്പനികള്‍ വഴി പണം വകമാറ്റിയെന്നും കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th December 2021 09:52 AM  |  

Last Updated: 25th December 2021 10:03 AM  |   A+A-   |  

raid

ഫോട്ടോ: ട്വിറ്റർ

 

 
ലഖ്‌നൗ: കാണ്‍പൂരിലെ വ്യവസായിയില്‍ നിന്നും പിടിച്ചെടുത്ത കള്ളപ്പണം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എണ്ണിത്തിട്ടപ്പെടുത്തി. 177.45 കോടി രൂപയാണ് യുപി കാണ്‍പൂരിലെ വ്യവസായി പിയൂഷ് ജെയിനില്‍ നിന്നും പിടിച്ചെടുത്തത്. ജെയിന്‍ ഷെല്‍ കമ്പനികള്‍ വഴി പണം വകമാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. 

ആദായനികുതി വകുപ്പിന്റേയും ജിഎസ്ടി ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറലിന്റെയും നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്. പിയൂഷ്  ജെയിനിന്റെ വ്യവസായ സ്ഥാപനങ്ങളിലും വീട്ടിലും ഓഫീസ്, ഗോഡൗണ്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. 

നോട്ടുകെട്ടുകള്‍ പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് മഞ്ഞ ടേപ്പ് ഉപയോഗിച്ച് ഉറപ്പിച്ച നിലയിലായിരുന്നു. ഇത്തരത്തില്‍ 30ല്‍ അധികം ബണ്ടിലുകളാണ് പിടികൂടിയത്.വലിയ അലമാരകളിലായി അടുക്കി വച്ച നിലയിലാണ് നോട്ടുകെട്ടുകള്‍ പിടിച്ചെടുത്തത്. 

ഇയാളുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത നോട്ടുകെട്ടുകള്‍ എണ്ണുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അഞ്ച് നോട്ടെണ്ണല്‍ മെഷീനുകള്‍ ഉപയോഗിച്ച് 36 മണിക്കൂര്‍ നീണ്ട പരിശ്രമത്തിലാണ് പിടിച്ചെടുത്ത കള്ളപ്പണം എണ്ണിത്തീര്‍ത്തത്. 21 പെട്ടികളിലാക്കി കണ്ടെയ്‌നറിലാണ് പണം കൊണ്ടുപോയത്. 

സുഗന്ധ വ്യാപാരിയായ പിയൂഷ് ജെയിനിന്റേയും പങ്കാളികളുമായി ബന്ധപ്പെട്ട 11 ഇടങ്ങളിലുമായിരുന്നു റെയ്ഡ് നടന്നത്. വ്യാഴാഴ്ചയാണ് പരിശോധന ആരംഭിച്ചത്. ജെയിനിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലേയും ഗുജറാത്തിലേയും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. 

ഇല്ലാത്ത കമ്പനികളുടെ പേരില്‍ വ്യാജ ഇന്‍വോയ്‌സ് ഉണ്ടാക്കി ഇടപാടുകള്‍ രേഖപ്പെടുത്തി കമ്പനി നികുതി വെട്ടിച്ചു എന്നാണ് ജിഎസ്ടി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്നായിരുന്നു റെയ്ഡ്. 200 ഇന്‍വോയിസുകളിലായിട്ടാണ് ഇടപാടുകള്‍ രേഖപ്പെടുത്തിയിരുന്നതെന്നും ജിഎസ്ടി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവാദവ്യവസായിക്ക് സമാജ് വാദി പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപി രംഗത്തു വന്നിട്ടുണ്ട്.