ക്രിസ്മസിന് ഹിന്ദുക്കള്‍ വേണ്ട; പള്ളിയിലെ ആഘോഷങ്ങള്‍ തടഞ്ഞ് ബജ്‌റംഗ് ദള്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th December 2021 11:39 AM  |  

Last Updated: 26th December 2021 11:43 AM  |   A+A-   |  

assam_x_mas

ക്രിസ്മസ് ആഘോഷം തടസപ്പെടുത്തുന്ന ബിജെപി പ്രവര്‍ത്തകര്‍

 

ഗുവഹാത്തി: അസമില്‍ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍. ക്രിസ്മസ് ആഘോഷത്തില്‍ ഹിന്ദുക്കളെ പങ്കെടുപ്പിക്കരുതെന്ന് ഭീഷണിപ്പെടുത്തിയാണ് പള്ളി അടച്ചുപൂട്ടിയത്.

ക്രിസ്ത്യാനികള്‍ ക്രിസ്മസ് ആഘോഷിക്കുന്നതില്‍ തടസമില്ല, എന്നാല്‍ ഹിന്ദുക്കളെ പങ്കെടുപ്പിച്ച് ആഘോഷം നടത്താന്‍ അനുവദിക്കില്ലെന്ന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. ഡിസംബര്‍ 25 എന്നത് ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം തുളസി ദിവസമാണെന്നും ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

സംഭവത്തില്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും അതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അസം പൊലീസ് പറഞ്ഞു. സ്വമേധയാ കേസെടുക്കേണ്ട ആവശ്യമില്ലാത്ത ചെറിയ ഒരുപ്രശ്‌നം മാത്രമാണെന്നാണ് പൊലീസ് പറയുന്നത്.  

'ഞങ്ങള്‍ ക്രിസ്മസിന് എതിരല്ല. ക്രിസ്ത്യാനികള്‍ മാത്രം ക്രിസ്മസ് ആഘോഷിക്കട്ടെ. ഹിന്ദു ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്രിസ്മസ് ചടങ്ങില്‍ പങ്കെടുക്കുന്നതിന് ഞങ്ങള്‍ എതിരാണ്. ഇന്ന് ഹിന്ദുക്കളുടെ തുളസി ദിവസമായിരുന്നു, പക്ഷേ ആരും ആഘോഷിച്ചില്ല. ഇത് ഞങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നു. എല്ലാവരും പറയുന്നു. ക്രിസ്മസ് ആശംസകള്‍. ഞങ്ങളുടെ മതം എങ്ങനെ നിലനില്‍ക്കും?' ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ കാവിധാരിയായ യുവാവ് പറയുന്നു.

ഇതാദ്യമായല്ല അസമില്‍ ക്രിസ്മസ് ആഘോഷത്തിന് നേരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുന്നത്. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗുഡ്ഗാവിലും കര്‍ണാടകയിലും ക്രിസ്ത്യാനികള്‍ക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു.