വഴിതടഞ്ഞ് പ്രതിഷേധം, പൊലീസിനെ തടഞ്ഞു; റസിഡന്റ് ഡോക്ടർമാർക്കെതിരെ കേസ്

പൊതുമുതൽ നശിപ്പിച്ചതിനും പൊലീസിനെ തടഞ്ഞതിനുമാണ് കേസ്
ചിത്രം: എഎൻഐ
ചിത്രം: എഎൻഐ

ന്യൂഡൽഹി: നീറ്റ്, പിജി കൗൺസലിങ് വൈകുന്നതിൽ ഡൽഹിയിൽ വഴിതടഞ്ഞ് പ്രതിഷേധിച്ച റസിഡന്റ് ഡോക്ടർമാർക്കെതിരെ കേസെടുത്തു.  പൊതുമുതൽ നശിപ്പിച്ചതിനും പൊലീസിനെ തടഞ്ഞതിനുമാണ് കേസ്. 

രണ്ടാഴ്ചയായി നടത്തുന്ന പണിമുടക്കാണ് ഇന്നലെ പ്രതിഷേധത്തിലേക്ക് കടന്നത്. രാവിലെ 11 മണിയോടെ നൂറുകണക്കിന് ഡോക്ടർമാർ രാജ്ഘട്ടിൽ നിന്ന് ഐടിഒയിലേക്കുള്ള പ്രധാന പാത ഉപരോധിച്ചു. ഉച്ചയ്ക്ക് പൊലീസ് ബാരിക്കേഡിനു മുകളിലേക്ക് ഓവർക്കോട്ട് ഊരിയിട്ട് ഡോക്ടർമാർ പ്രതീകാത്മക രാജി പ്രഖ്യാപിച്ച് പിരിഞ്ഞുപോയി. ഇതിനുശേഷം രാജ്ഘട്ടിലേക്കുള്ള റോഡിൽ പ്രവേശിച്ച ഡോക്ടർമാർ വഴിതടഞ്ഞു. സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്താനുള്ള ഇവരുടെ ശ്രമം പൊലീസ് തടഞ്ഞതോടെയാണ് സ്ഥിതി വഷളായത്. സമരക്കാരെ നീക്കം ചെയ്യാൻ പൊലീസ് നടപടി തുടങ്ങിയതോടെ സംഘർഷാവസ്ഥയുണ്ടായി. 

ഡോക്ടർമാർക്കെതിരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തമാക്കാനാണ് അസോസിയേഷൻ തീരുമാനം. നാളെ മുതൽ രാജ്യത്തെ ഡോക്ടർമാർ ഡ്യൂട്ടി ബഹിഷ്കരിക്കണമെന്ന് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com