ഒറ്റത്തവണയായി രണ്ടുലക്ഷത്തിന് മുകളില്‍ വരെ കിട്ടാം; കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശികയില്‍ ഉടന്‍ തീരുമാനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th December 2021 11:13 AM  |  

Last Updated: 28th December 2021 11:13 AM  |   A+A-   |  

Dearness Allowance

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി:  കോവിഡിന്റെ പശ്ചാത്തലത്തില്‍ പിടിച്ചുവച്ചിരുന്ന ക്ഷാമബത്ത കുടിശ്ശിക ഉടനെ തന്നെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 17 ശതമാനത്തില്‍ നിന്ന് 31 ശതമാനമാക്കി ഉയര്‍ത്തിയത് ഒക്ടോബറിലാണ് പ്രാബല്യത്തില്‍ വന്നത്. പെന്‍ഷന്‍കാര്‍ക്കും സമാനമായ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെ ക്ഷാമബത്ത കുടിശ്ശിക ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല. 18മാസമായി പിടിച്ചുവച്ചിരുന്ന ക്ഷാമബത്ത ഒറ്റത്തവണയായി നല്‍കാന്‍ മന്ത്രിസഭാ കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പണപ്പെരുപ്പം നേരിടാന്‍ വര്‍ഷത്തില്‍ രണ്ടുതവണയാണ് കേന്ദ്രസര്‍ക്കാര്‍ ക്ഷാമബത്ത നല്‍കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ക്ഷാമബത്ത വര്‍ധിപ്പിച്ചത് മരവിപ്പിച്ചു നിര്‍ത്തി. മെയ് 2020 മെയ് മാസത്തിലായിരുന്നു ഈ തീരുമാനം. തുടര്‍ന്ന് 2021 ജൂണ്‍ മാസത്തില്‍ ക്ഷാമബത്ത വര്‍ധിപ്പിക്കാനുള്ള തീരുമാനവും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. 

ലെവല്‍ ഒന്ന് ജീവനക്കാര്‍ക്ക് 11,880നും 37,554നും ഇടയിലുള്ള തുക ക്ഷാമബത്തയായി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലെവല്‍-13 ജീവനക്കാര്‍ക്ക് ക്ഷാമബത്ത കൂടും. ഇത് 1,44,200 നും 2,18,200നും ഇടയിലാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.