രാജ്യത്ത് ഒമൈക്രോണ്‍ കേസുകൾ കൂടുന്നു; വൈറസ് ബാധിതരുടെ എണ്ണം 653 ആയി; കേരളം മൂന്നാമത്

ഡല്‍ഹിയില്‍ അവസാനം ഒമൈക്രോണ്‍ സ്ഥിരീകരിച്ച 52 പേര്‍ക്ക് യാതൊരു വിദേശയാത്രാ ഹിസ്റ്ററിയും ഇല്ലെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: രാജ്യത്ത് 75 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 653 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ ബാധിതര്‍ മഹാരാഷ്ട്രയിലാണ് 167 പേര്‍. രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ 165 പേരാണ് വൈറസ് ബാധിതരായിട്ടുള്ളത്. 

ഒമൈക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് മൂന്നാമതാണ് കേരളം. 57 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് വകഭേദം സ്ഥിരീകരിച്ചത്. തൊട്ടുപിന്നിലുള്ള തെലങ്കാനയില്‍ 55 പേര്‍ക്കും ഗുജറാത്തില്‍ 49 പേര്‍ക്കും ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 

രാജസ്ഥാനില്‍ 46 ഉം, തമിഴ്‌നാട്ടില്‍ 34 ഉം, കര്‍ണാടകയില്‍ 31 പേര്‍ക്കും കോവിഡ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ ഒമ്പത്, ഒഡീഷയില്‍ എട്ട്, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ 6 പേര്‍ക്ക് വീതവും ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 

രോഗമുക്തിയിലും കേരളം പിന്നില്‍

രാജ്യത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരില്‍ 180 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതല്‍ രോഗമുക്തരും മഹാരാഷ്ട്രയിലാണ്. 61 പേര്‍. ഡല്‍ഹിയില്‍ 23 പേരും കേരളത്തില്‍ ഒരാളുമാണ് രോഗമുക്തി നേടിയത്. തെലങ്കാനയിലും ഗുജറാത്തിലും 10 പേര്‍ വീതവും, രാജസ്ഥാനില്‍ 30 ഉം, തമിഴ്‌നാട്ടില്‍ 16 പേരും രോഗമുക്തി നേടി. 

രാജ്യത്ത് ഇന്നലെ 6358 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 293 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 6450 പേര്‍ മരിച്ചു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 75,456 ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ കോവിഡ് മരണം 4,80,290 ആയി ഉയര്‍ന്നതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 

ഡല്‍ഹിയില്‍ 52 പേര്‍ക്ക് വിദേശയാത്രാ ബന്ധമില്ല

ഡല്‍ഹിയില്‍ അവസാനം കോവിഡ് വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ച 52 പേര്‍ക്ക് യാതൊരു വിദേശയാത്രാ ഹിസ്റ്ററിയും ഇല്ലെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. മാത്രമല്ല വിദേശികളോ, വിദേശയാത്രികരുമായോ ഇവര്‍ക്ക് യാതൊരു സമ്പര്‍ക്കവും ഇല്ല. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് എങ്ങനെ ഒമൈക്രോണ്‍ ബാധിച്ചു എന്ന അന്വേഷണത്തിലാണ് സംസ്ഥാന ആരോഗ്യവകുപ്പ്. 

ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരെയും കണ്ടെത്താന്‍ ജില്ലാ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച 63 പേരില്‍ 11 പേര്‍ക്ക് മാത്രമാണ് വിദേശയാത്രാചരിത്രം ഉള്ളതെന്നും അധികൃതര്‍ സൂചിപ്പിച്ചു. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അടിയന്തര ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com