കുട്ടാളികള്‍ക്കു കുറ്റപത്രം നല്‍കിയില്ലെന്ന പേരില്‍ പ്രതിക്കെതിരായ കേസ് തള്ളാനാവില്ല: സുപ്രീം കോടതി

കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ക്കു പങ്കുണ്ടെന്നും കൂട്ടാളികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നതും മാത്രം കണക്കിലെടുത്ത് ഒരാള്‍ക്കെതിരായ നിയമ നടപടികള്‍ അവസാനിപ്പിക്കാനാവില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കൂട്ടാളികള്‍ക്കു കുറ്റപത്രം നല്‍കിയിട്ടില്ലെന്നതിന്റെ പേരില്‍ ഒരു കേസിലെ പ്രതിക്കെതിരായ നിയമ നടപടികള്‍ നിര്‍ത്തിവയ്ക്കാനാവില്ലെന്ന് സുപ്രീം കോടതി. വിചാരണയ്ക്കിടെ കുറ്റകൃത്യത്തില്‍ മറ്റുള്ളവര്‍ക്കും പങ്കുണ്ടെന്ന് ബോധ്യപ്പെടുന്ന പക്ഷം ക്രിമിനല്‍ നടപടിച്ചട്ടം 319 അനുസരിച്ച് കൂടുതല്‍ പേരെ പ്രതിചേര്‍ക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ക്കു പങ്കുണ്ടെന്നും കൂട്ടാളികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നതും മാത്രം കണക്കിലെടുത്ത് ഒരാള്‍ക്കെതിരായ നിയമ നടപടികള്‍ അവസാനിപ്പിക്കാനാവില്ല. കുടുതല്‍ പേരെ പ്രതി ചേര്‍ക്കാന്‍ സിആര്‍പിസി പ്രകാരമുള്ള അധികാരം കോടതികള്‍ വിനിയോഗിക്കുകയാണ് വേണ്ടതെന്ന് ജസ്റ്റിസുമാരായ എംആര്‍ ഷാ, ബിപി നാഗരത്‌ന എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

ഐപിസിയിലെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കുറ്റപത്രം നല്‍കിയ പ്രതിക്കെതിരായ നിയമ നടപടികള്‍ നിര്‍ത്തിവച്ച കര്‍ണാടക ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുവര്‍ണ സഹകരണ ബാങ്ക് നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതി നടപടി. പൊലീസ് റിപ്പോര്‍ട്ടില്‍ രണ്ടും മൂന്നും പ്രതികളായി കാണിച്ചിരിക്കുന്നവര്‍ക്കെതിരെ കുറ്റപത്രം നല്‍കിയിട്ടില്ലെന്നും അതിനാല്‍ ഒന്നാം പ്രതിക്കെതിരായ കുറ്റപത്രം നിലനില്‍ക്കില്ലെന്നുമാണ് ഹൈക്കോടതി വിധിന്യായത്തില്‍ പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com