പ്രവാസി ഇന്ത്യക്കാരുടെ ഇരട്ടനികുതി ഒഴിവാക്കി, ഭവന വായ്പയ്ക്ക് ഒന്നരലക്ഷം രൂപ വരെ ഇളവ്; സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഒരു വര്‍ഷം കൂടി നികുതിയില്ല

ഭവന നിര്‍മ്മാണ മേഖലയുടെ ഉണര്‍വിന് ബജറ്റില്‍ പ്രഖ്യാപനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഭവന നിര്‍മ്മാണ മേഖലയുടെ ഉണര്‍വിന് ബജറ്റില്‍ പ്രഖ്യാപനം. ചെലവ് കുറഞ്ഞ വീട് നിര്‍മ്മിക്കുന്നതിന് നല്‍കി വരുന്ന ഇളവുകള്‍ തുടരും. ചെലവ് കുറഞ്ഞ വീട് നിര്‍മ്മിക്കുന്നതിന് എടുത്ത വായ്പയ്ക്ക് ഒന്നര ലക്ഷം രൂപ വരെ ഇളവ് അനുവദിച്ചത് ഒരു വര്‍ഷം കൂടി തുടരുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

പ്രവാസി ഇന്ത്യക്കാരുടെ ഇരട്ടനികുതി ഒഴിവാക്കി. കോവിഡ് പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന പ്രവാസികള്‍ക്ക് ഇത് ഗുണകരമാകും. കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള ഭവനപദ്ധതിക്ക് നികുതി ഇളവ് നല്‍കും. സ്റ്റാര്‍ട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു വര്‍ഷം കൂടി നികുതിയില്‍ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി പറഞ്ഞു.

തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇറക്കുമതിക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. മൊബൈല്‍ ഫോണിന്റെ ഘടക ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കി വരുന്ന ഇളവുകള്‍ അവസാനിപ്പിക്കും. ഇതോടെ മൊബൈല്‍ ഫോണിന്റെ വില കൂടും. സമാനമായ നിലയില്‍ സോളാര്‍ ഇന്‍വെട്ടറിന്റെയും വിളക്കിന്റെയും വില വര്‍ധിക്കും. പരുത്തി, പട്ട്, പട്ടുനൂല്‍, ലെതര്‍, മുത്ത്, ഈതൈല്‍ ആല്‍ക്കഹോള്‍ എന്നിവയുടെ കസ്റ്റംസ് തീരുവ കൂട്ടുമെന്ന് ബജറ്റില്‍ പറയുന്നു. കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം പരുത്തി കര്‍ഷകര്‍ക്ക് ഗുണം ചെയ്യും.

ചെമ്പ്, നൈലോണ്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കുറച്ചു. സ്വര്‍ണം, വെള്ളി എന്നിവയുടെ കസ്റ്റംസ് തീരുവ യുക്തിസഹമാക്കും. ഇതോടെ സ്വര്‍ണത്തിന്റെ ഇറക്കുമതി ചെലവ് കുറയും. ഇത് സ്വര്‍ണാഭരണ മേഖലയ്ക്ക് ഗുണം ചെയ്യും. പരോക്ഷ നികുതിയിലുള്ള 400 പഴയ ഇളവുകള്‍ പുനഃപരിശോധിക്കും. ഇതിനായി വിപുലമായ നിലയില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com