സര്‍ക്കാര്‍ ഓഫീസുകള്‍ 'വൃത്തി'യാക്കാന്‍ പശുമൂത്രം;  ഉത്തരവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st February 2021 03:39 PM  |  

Last Updated: 01st February 2021 03:39 PM  |   A+A-   |  

cow

പ്രതീകാത്മക ചിത്രം

 

ഭോപ്പാല്‍: സര്‍ക്കാര്‍ ഓഫീസുകളുടെ ശുചീകരണത്തിന് ഗോമൂത്രം വഴി തയ്യാറാക്കുന്ന ഫിനോയില്‍ മാത്രമെ ഉപയോഗിക്കാവൂ എന്ന് ഉത്തരവിറക്കി മധ്യപ്രദേശ് സര്‍ക്കാര്‍. പൊതുഭരണ വകുപ്പാണ് ഇത്തരവ് ഇറക്കിയത്. രാസവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഫിനോയിലിന് പകരം ഗോമൂത്രത്തില്‍ നിന്ന് നിര്‍മിക്കുന്ന ഫിനോയില്‍ ഓഫീസുകളുടെ ശുചീകരണത്തിന് ഉപയോഗിക്കണമെന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി നിവാസ് ശര്‍മ ഇറക്കിയ ഉത്തരവില്‍ പറയുന്നു. 

ഗോക്കളുടെ സംരക്ഷണത്തിനും പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി ഗോമൂത്രത്തില്‍ നിന്നുള്ള ഫിനോയില്‍ ഉപയോഗിക്കണമെന്ന തീരുമാനം നവംബറില്‍ ചേര്‍ന്ന 'പശു മന്ത്രിസഭ' എടുത്തിരുന്നു. ഗോമൂത്ര ബോട്ട്‌ലിങ് പ്ലാന്റുകളും ഗോമൂത്ര ഫിനോയില്‍ നിര്‍മാണ ഫാക്ടറികളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് തീരുമാനമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രേംസിങ് പട്ടേല്‍ വ്യക്തമാക്കി.

ഉല്‍പാദനം തുടങ്ങുന്നതിന് മുന്‍പ് തന്നെ ആവശ്യകത വര്‍ധിപ്പിക്കുകയാണ്. ഇനി പാല്‍ വറ്റിയ പശുക്കളെ ആരും തെരുവില്‍ ഉപേക്ഷിക്കില്ല. ഇത് സംസ്ഥാനത്തെ പശുക്കളുടെ അവസ്ഥയ്ക്ക് നല്ല മാറ്റം കൊണ്ടുവരും'' മന്ത്രി പറഞ്ഞു. അതേസമയം, ഫിനോയില്‍ നിര്‍മിക്കുന്ന സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പക്കാനാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.