സ്ഥാപിച്ചിരിക്കുന്നത് തകര്‍ക്കാന്‍ കഴിയാത്ത ബാരിക്കേഡുകള്‍; ഡല്‍ഹി പൊലീസ് കമ്മീഷണര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2021 05:22 PM  |  

Last Updated: 02nd February 2021 05:22 PM  |   A+A-   |  

delhi_police

ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകള്‍/പിടിഐ

 

ന്യൂഡല്‍ഹി: തകര്‍ക്കാന്‍ കഴിയാത്ത ബാരിക്കേഡുകളാണ് ഡല്‍ഹി അതിര്‍ത്തികളില്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ എസ് എന്‍ ശ്രീവാസ്ഥവ. കര്‍ഷക പ്രക്ഷോഭം ചെറുക്കാനായി കൂറ്റന്‍ ബാരിക്കേഡുകളും റോഡില്‍ ആണികളും സ്ഥാപിച്ചതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

'ബാരിക്കേഡുകള്‍ തകര്‍ത്ത് പൊലീസുകാരെ ട്രാക്ടറുകള്‍ ഉപയോഗിച്ച് ആക്രമിക്കുന്നത് കണ്ട് ഞെട്ടിപ്പോയി. ഞങ്ങള്‍ പിന്നെ എന്തിചെയ്യണം? അതുകൊണ്ട് ഞങ്ങള്‍ തകര്‍ക്കാന്‍ കഴിയാത്ത ബാരിക്കേഡുകള്‍ സ്ഥാപിച്ചു'-കമ്മീഷണര്‍ പറഞ്ഞു. 

നാലുവരി ബാരിക്കേഡുകളും അതിന് പുറമേ മുള്ളുവേലിയും റോഡില്‍ ആണികളും പൊലീസ് സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പലഭാഗത്തുനിന്നും കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയിലേക്ക് ഒഴുകുന്നതിനിടെയാണ് പൊലീസ് കൂറ്റന്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചത്. 

അതേസമയം, പൊലീസിന്റെയും ഭരണകൂടത്തിന്റെയും കര്‍ഷക വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കാതെ കേന്ദ്രസര്‍ക്കാരുമായി തത്ക്കാലം ചര്‍ച്ചയ്ക്കില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. 

സമവവുമായി ബന്ധപ്പെട്ട് 122 പേരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരെ വിട്ടയക്കണം. നിയമം പിന്‍വലിച്ചിക്കാതെ, വീട്ടിലേക്ക് മടങ്ങില്ല എന്നാണ് തങ്ങളുടെ മുദ്രാവാക്യമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. റോഡ് തടഞ്ഞും, വൈദ്യുതിയും വെള്ളവും ഇന്റര്‍നെറ്റും വിച്ഛേദിച്ച് സര്‍ക്കാര്‍ ദ്രോഹിക്കുകയാണ്. ജനാധിപത്യപരമായ സമരത്തെയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ നേരിടുന്നതെന്നും കര്‍ഷക സംഘടനകല്‍ ആരോപിച്ചു.

ശത്രുരാജ്യത്തെ സൈനികരെ നേരിടാനെന്ന പോലെ റോഡില്‍ ട്രഞ്ച് കുഴിച്ചും, മുള്ളു കമ്പികള്‍ പാകിയുമാണ് സര്‍ക്കാരും പൊലീസും കര്‍ഷക സമരത്തെ നേരിടുന്നതെന്ന് എഎപി എംപി ഭഗവന്ത് മാന്‍ പറഞ്ഞു. കര്‍ഷക സമരത്തെ നേരിടാന്‍, പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ അടക്കം സര്‍ക്കാര്‍ ബ്ലോക്ക് ചെയ്യുകയാണ്. സമരക്കാര്‍ എത്താതിരിക്കാന്‍ ഡല്‍ഹിയേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ വഴിതിരിച്ചുവിടുകയാണെന്നും സമരക്കാര്‍ ആരോപിച്ചു.