സഹപ്രവര്‍ത്തകയെ നെഞ്ചില്‍ വെടിയുതിര്‍ത്ത് കൊന്നു; സ്വയം നിറയൊഴിച്ച് പൊലീസുകാരന്റെ ആത്മഹത്യാശ്രമം; ഗുരുതരാവസ്ഥയില്‍

സഹപ്രവര്‍ത്തകയെ വെടിവച്ച് കൊന്ന ശേഷം വെടിയുതിര്‍ത്ത് അത്മഹത്യയ്ക്ക് ശ്രമിച്ച് പൊലീസുകാരന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: സഹപ്രവര്‍ത്തകയെ വെടിവച്ച് കൊന്ന ശേഷം വെടിയുതിര്‍ത്ത് അത്മഹത്യയ്ക്ക് ശ്രമിച്ച് പൊലീസുകാരന്‍. ഇരുപത്തിരണ്ടുകാരനായ പൊലീസ് കോണ്‍സ്റ്റബിളാണ് സഹപ്രവര്‍ത്തകയെ വാക്കുതര്‍ക്കത്തിന്റെ പേരില്‍ വെടിവച്ചുകൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ഗജ്‌റൌലയിലാണ് സംഭവം. 

ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വനിതാ പൊലീസായ മേഘ ചൌധരിയുടെ നെഞ്ചിലാണ് വെടിയേറ്റക് കൊല്ലപ്പെട്ടത്. മൊറാദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മേഘയുടെ മരണം.  മേഘയെ വെടി വച്ച ശേഷം സ്വയം വെടിയുതിര്‍ത്ത മനോജ് ദുള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മനോജും നെഞ്ചിലേക്കാണ് നിറയൊഴിച്ചത്. മേഘയുടെ സഹോദരന്റെ പരാതിയില്‍ മനോജിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. 2018 ബാച്ചിലെ പൊലീസ് കോണ്‍സ്റ്റബിളുമാരാണ് ഇരുവരും.

മുസാഫര്‍നഗര്‍ സ്വദേശിയാണ് മേഘ. സിയാംഡംഗ്ലി പൊലീസ് സ്‌റ്റേഷനിലെ പിആര്‍വി വിഭാഗത്തിലായിരുന്നു മനോജിന് നിയമനം ലഭിച്ചത്. ഗജ്‌റൌലയിലെ അവന്തിക നഗറിലെ വാടക വീട്ടിലായിരുന്നു മേഘ താമസിച്ചിരുന്നത്. ഞായറാഴ്ച വൈകുന്നേരം ഇവിടെ വച്ചാണ് മേഘയ്ക്ക് വെടിയേറ്റത്. വീട്ടുടമസ്ഥന്‍ നല്‍കിയ വിവരം അനുസരിച്ച് ഇവിടെയെത്തിയ പൊലീസുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന സഹപ്രവര്‍ത്തകരെയാണ്.

മേഘയുടെ താമസ സ്ഥലത്ത് മനോജ് സ്ഥിരമായി വരാറുണ്ടായിരുന്നുവെന്നാണ് അയല്‍വാസികളുടെ മൊഴി. നാടന്‍ തോക്കില്‍ നിന്നാണ് ഇരുവര്‍ക്കും വെടിയേറ്റിരിക്കുന്നത്.  മേഘയെ വെടിവച്ച ശേഷം മനോജ് സ്വയം വെടിവച്ചിരിക്കാനാണ് സാധ്യതയെന്നാണ് പൊലീസ് നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com