പോളിയോ തുള്ളിമരുന്നിന് പകരം നല്‍കിയത് ഹാന്‍ഡ് സാനിറ്റൈസര്‍; 12 കുട്ടികള്‍ ആശുപത്രിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2021 07:33 AM  |  

Last Updated: 02nd February 2021 07:33 AM  |   A+A-   |  

Guidelines for distribution of pulse polio vaccine

ഫയല്‍ ചിത്രം


മുംബൈ: പോളിയോ തുള്ളിമരുന്നിന് പകരം കുട്ടികൾക്ക് ഹാൻഡ് സാനിറ്റൈസർ തുള്ളികൾ നൽകി. മഹാരാഷ്ട്ര യവത്മൽ ഗന്ധാജിയിലെ കാപ്സി-കോപാരിയിൽ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. 

സംഭവം വിവാദമായതോടെ വിഷയത്തിൽ ഇടപെട്ട ആരോഗ്യവകുപ്പ് പ്രാഥമിക അന്വേഷണത്തിൻറെ പശ്ചാത്തലത്തിൽ മൂന്ന് നഴ്സുമാരെ സസ്പെൻഡ് ചെയ്തതായാണ് റിപ്പോർട്ടുകൾ. പോളിയോ വാക്സിൻ സ്വീകരിക്കാൻ ഒന്നു മുതൽ അഞ്ച് വരെ പ്രായമുള്ള രണ്ടായിരത്തോളം കുട്ടികളാണ് മാതാപിതാക്കൾക്കൊപ്പം ഈ കേന്ദ്രത്തിൽ എത്തിയത്. 

ഇതിൽ പന്ത്രണ്ട് കുട്ടികൾക്ക് പോളിയോ വാക്സിന് പകരം സാനിറ്റൈസർ തുള്ളികൾ നൽകിയതായാണ് സൂചന. കുട്ടികൾക്ക് തലചുറ്റലും ഛർദ്ദിയും അടക്കമുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. ആരോഗ്യസ്ഥിതി വഷളായതിനിടെ തുടർന്ന് കുട്ടികളെ സമീപത്തെ വസന്തറാവു സർക്കാർ മെഡിക്കൽ കോളജിലേക്ക് ചികിത്സയ്ക്കായി മാറ്റി.

എല്ലാ കുട്ടികളുടെയും നില തൃപ്തികരമാണെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരുന്നുണ്ടെന്നും ആശുപത്രി ഡീൻ ഡോ.മിലിന്ദ് കാബ്ലെ അറിയിച്ചു. 
ജില്ലാ കളക്ടർ എം.ദേവേന്ദർ സിംഗ് കഴിഞ്ഞ ദിവസം രാത്രിയോടെ ആശുപത്രിയിലെത്തി കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. ഇദ്ദേഹത്തിൻറെ നിർദേശപ്രകാരമാണ് ജില്ലാപരിഷദ് സിഇഒ ശ്രീകൃഷ്ണ പഞ്ചൽ ഗ്രാമത്തിലെത്തി അന്വേഷണം നടത്തുകയും മൂന്ന് നഴ്സുമാർക്കെതിരെ നടപടിയുണ്ടാവുകയും ചെയ്തത്.