കര്‍ഷകര്‍ രാജ്യത്തിന്റെ ശത്രുക്കളാണോ?; എന്തിനാണ് കോട്ട കെട്ടുന്നത്?; കേന്ദ്രത്തിന് എതിരെ രാഹുല്‍ ഗന്ധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2021 05:44 PM  |  

Last Updated: 03rd February 2021 05:44 PM  |   A+A-   |  

rahul_presmeet

രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍/എഎന്‍ഐ

 


ന്യൂഡല്‍ഹി: കേന്ദ്രത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നേതൃത്വത്തിന്റെ അഭാവമാണ് രാജ്യം നേരിടുന്നതെന്നും കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. 

'സര്‍ക്കാര്‍ എന്തിനാണ് കോട്ട കെട്ടുന്നത്. സര്‍ക്കാര്‍ കര്‍ഷകരെ ഭയക്കുന്നുണ്ടോ? കര്‍ഷകര്‍ ശത്രുക്കളാണോ. കര്‍ഷകര്‍ ഇന്ത്യയുടെ കരുത്തും ശക്തിയുമാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അവരെ ഭീഷണിപ്പെടുത്തുന്നതും കൊല്ലുന്നതും സര്‍ക്കാരിന്റെ ജോലിയല്ല. സര്‍ക്കാരിന്റെ ജോലി കര്‍ഷകരുമായി ചര്‍ച്ചകള്‍ നടത്തി പ്രശ്‌നം പരിഹരിക്കുക എന്നുളളതാണ്, രാഹുല്‍ പറഞ്ഞു.

ഡല്‍ഹി കര്‍ഷകരാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. അവര്‍ നമുക്ക് ഭക്ഷണം നല്‍കുന്നവരാണ്, നമുക്ക് വേണ്ടി പണിയെടുത്തവരാണ്. എന്തുകൊണ്ടാണ് ഡല്‍ഹിയെ ഒരു പട്ടാളക്കോട്ടയായി മാറ്റിയിരിക്കുന്നത്. എന്തിനാണ് നാം നമ്മുടെ കര്‍ഷകരെ മര്‍ദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും കൊലപ്പെടുത്തുന്നതും? എന്തുകൊണ്ടാണ് അവരോട് സംസാരിക്കാന്‍ തയ്യാറാകാത്തത്? ഈ പ്രശ്‌നം പരിഹരിക്കാത്തത് എന്തുകൊണ്ടാണ്?, രാഹുല്‍ ചോദിച്ചു.

കാര്‍ഷിക നിയമം രണ്ടുവര്‍ഷത്തേക്ക് നടപ്പാക്കില്ലെന്നുളള വാഗ്ദാനം ഇപ്പോഴും മേശപ്പുറത്തുണ്ടെന്നാണ് പ്രധാനമന്ത്രി പറയുന്നത്. രണ്ടുവര്‍ഷത്തേക്ക് നടപ്പാക്കില്ലെന്ന് പറയുന്നതിലൂടെ പ്രധാനമന്ത്രി അര്‍ഥമാക്കുന്നത് എന്താണ്?, രാഹുല്‍ ഗാന്ധി ചോദിച്ചു. കര്‍ഷകരെ തനിക്ക് നന്നായി അറിയാം. അവര്‍ ഒരിക്കലും പിന്‍വാങ്ങില്ല. സര്‍ക്കാര്‍ തന്നെയായിരിക്കും പിന്‍വാങ്ങേണ്ടി വരികയെന്നും അദ്ദേഹം പറഞ്ഞു. 

കേന്ദ്ര ബജറ്റിനെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. 'രാജ്യത്തെ ജനസംഖ്യയുടെ 99 ശതമാനം പേര്‍ക്കും പിന്തുണ നല്‍കുന്നതാകും ബജറ്റെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഈ ബജറ്റ് ജനസംഖ്യയുടെ ഒരു ശതമാനം പേര്‍ക്ക് വേണ്ടിയുളളതാണ്. ചെറുകിട ഇടത്തരം വ്യവസായമേഖലകളില്‍ നിന്നും തൊഴിലാളികളില്‍ നിന്നും കര്‍ഷകരില്‍ നിന്നും പ്രതിരോധ സേനയില്‍ നിന്നും പണം തട്ടിയെടുത്ത് 510 ആളുകളുടെ പോക്കറ്റില്‍ നിക്ഷേപിക്കുകയാണ് സര്‍ക്കാര്‍. ചെറുകിട വ്യവസായ മേഖലകള്‍ക്ക് പണം നല്‍കിയിരുന്നെങ്കില്‍, അവരെ സംരക്ഷിച്ചിരുന്നെങ്കില്‍ സമ്പദ് ഘടന ഉണരുമായിരുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

ചൈന ഇന്ത്യയുടെ പ്രദേശത്തേക്ക് അതിക്രമിച്ച് കടക്കുന്നുണ്ട്. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ നമ്മുടെ ഭൂമി അവര്‍ പിടിച്ചടക്കുന്നുണ്ട്. എന്നാല്‍ ബജറ്റില്‍ ചൈനയ്ക്ക് എന്തുസന്ദേശമാണ് നല്‍കിയത്? നമ്മുടെ പ്രതിരോധമേഖലയ്ക്കുളള ചെലവ് വര്‍ധിപ്പിക്കില്ലെന്നോ? മൂവായിരംനാലായിരം കോടി രൂപ നിങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് അകത്തേക്ക് വരാം, നിങ്ങള്‍ക്ക് ഇഷ്ടമുളളത് ചെയ്യാം, ഞങ്ങള്‍ ഞങ്ങളുടെ സൈന്യത്തെ പിന്തുണയ്ക്കില്ലെന്നാണോ ചൈനയ്ക്ക് നല്‍കിയ സന്ദേശം?, രാഹുല്‍ ഗാന്ധി ചോദിച്ചു.

തന്റെ കടമ നിര്‍വഹിക്കുന്നതിനുവേണ്ടിയാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തിരിക്കുന്നത്. ജനസംഖ്യയുടെ ഒരു ശതമാനത്തിന് രാജ്യത്തെ വില്‍ക്കുകയെന്നുളളതല്ല പ്രധാനമന്ത്രിയുടെ ജോലി. പുറത്തുനില്‍ക്കുന്ന കര്‍ഷകരെ സംരക്ഷിക്കുക എന്നുളളതാണ്. ഇടത്തരംചെറുകിട വ്യാപാരികള്‍ക്ക് ചൈനയുമായി മത്സരിക്കാന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നുളളതാണ് അദ്ദേഹത്തിന്റെ ജോലി. എന്നാല്‍ പ്രധാനമന്ത്രി ഇപ്പോള്‍ താടിയെല്ലാം വളര്‍ത്തി മറ്റെവിടെയോ ആണ്. ധൈര്യം സമാഹരിച്ച് രാജ്യത്തെ മുന്നോട്ടുനയിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും രാഹുല്‍ പറഞ്ഞു.