ക്രെഡിറ്റ് കാര്‍ഡ് വേണ്ടെന്ന് വച്ചു, വായ്പ എടുക്കാന്‍ ചെന്നപ്പോള്‍ ഞെട്ടി, 'ഡിഫോള്‍ട്ടര്‍ സ്റ്റാറ്റസ്'; നഷ്ടപരിഹാരം നല്‍കാന്‍ ബാങ്കിനോട് ഉപഭോക്തൃ കോടതി

ക്രെഡിറ്റ് കാര്‍ഡ് വേണ്ടെന്ന് വച്ചതിന് ഇടപാടുകാരന് ഡിഫോള്‍ട്ടര്‍ ടാഗ് നല്‍കാന്‍ ബാങ്കിന്റെ ശുപാര്‍ശ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: ക്രെഡിറ്റ് കാര്‍ഡ് വേണ്ടെന്ന് വച്ചതിന് ഇടപാടുകാരന് 'ഡിഫോള്‍ട്ടര്‍ ടാഗ്' നല്‍കാന്‍ ബാങ്കിന്റെ ശുപാര്‍ശ. ഡിഫോള്‍ട്ടര്‍ ടാഗ് നല്‍കാന്‍ സിബിലിന് ശുപാര്‍ശ ചെയ്ത സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കിനോട് ഇടപാടുകാരന് 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. ഇടപാടുകാരന്റെ ഡിഫോള്‍ട്ടര്‍ സ്റ്റാറ്റസ് നീക്കാനും കേസിനും മറ്റുമായി ചെലവായ തുക എന്ന നിലയില്‍ പതിനായിരം രൂപ കൂടി നല്‍കാനും കമ്മീഷന്‍ നിര്‍ദേശിച്ചു.

ഗുജറാത്തിലാണ് അസാധാരണ സംഭവം.  തല്‍തേജ് സ്വദേശിയായ ദേവന്‍ ഡാഗ്ലിയാണ് ബാങ്കിനെതിരെ കമ്മീഷനെ സമീപിച്ചത്. 2001 വരെ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചിരുന്നു. എന്നാല്‍ സര്‍വീസ് മോശമാണ് എന്ന കാരണം ചൂണ്ടിക്കാണിച്ച് ക്രെഡിറ്റ് കാര്‍ഡ് ഉപേക്ഷിക്കാന്‍ ദേവന്‍ തീരുമാനിച്ചു. കുടിശ്ശിക മുഴുവനും അടച്ചുതീര്‍ത്തിട്ടും ബാങ്ക് അനാവശ്യമായി പിഴ ചുമത്തി എന്ന് ഇടപാടുകാരന്റെ പരാതിയില്‍ പറയുന്നു. ക്രെഡിറ്റ് കാര്‍ഡ് സര്‍വീസ് ഉപേക്ഷിച്ചതായും ഇനി ഇടപാടുകള്‍ സംബന്ധിച്ച സ്റ്റേറ്റ്‌മെന്റ് ആവശ്യമില്ല എന്നും ബാങ്കിനെ അറിയിച്ചു. എന്നിട്ടും അധിക പലിശ അടയ്ക്കാന്‍ ആവശ്യപ്പെട്ട് ബാങ്ക് സ്റ്റേറ്റ്‌മെന്റ് അയച്ചതായി പരാതിയില്‍ പറയുന്നു. ബാങ്ക് പലിശ വസൂലാക്കാന്‍ ഏജന്റുമാരെ നിയോഗിച്ചതായും അവര്‍ വീട്ടില്‍ വന്ന് ശല്യപ്പെടുത്തിയതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

പത്തുവര്‍ഷത്തിന് ശേഷം വായ്പ എടുക്കാന്‍ പോയപ്പോള്‍ ഞെട്ടിയതായി ദേവന്‍ പറയുന്നു. വായ്പക്ഷമത അളക്കാന്‍ ബാങ്കുകള്‍ ആശ്രയിക്കുന്ന സിബിലിന് ഇടപാടുകാരന് ഡിഫോള്‍ട്ടര്‍ സ്റ്റാറ്റസ് നല്‍കാന്‍ ആവശ്യപ്പെട്ട് ബാങ്ക് ശുപാര്‍ശ ചെയ്തതായി കണ്ടെത്തി. ഇതോടെ വായ്പ ലഭിക്കാനുള്ള സാധ്യത അടഞ്ഞതായി ദേവന്‍ പറയുന്നു.

തുടര്‍ന്ന്് 2014ലാണ് ബാങ്കിനെതിരെ നിയമനടപടി സ്വീകരിച്ചത്്. 40ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സമീപിച്ചത്. ഡിഫോള്‍ട്ടര്‍ സ്റ്റാറ്റസുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് വ്യവസ്ഥകള്‍ ബാങ്ക് ലംഘിച്ചതായി ദേവന്റെ അഭിഭാഷകന്‍ കമ്മീഷനില്‍ ബോധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com