കര്‍ഷകസമരത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ; ചോദ്യോത്തരവേള ഒഴിവാക്കും ; ബഹളം വെച്ച എഎപി എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2021 10:43 AM  |  

Last Updated: 03rd February 2021 10:43 AM  |   A+A-   |  

vice president venkayya naidu

വെങ്കയ്യ നായിഡു / എഎന്‍ഐ ചിത്രം

 

ന്യൂഡല്‍ഹി : വിവാദ കാര്‍ഷിക നിയമങ്ങളെച്ചൊല്ലി രാജ്യസഭയില്‍ ഇന്നും ബഹളം. രാവിലെ സഭ സമ്മേളിച്ചപ്പോള്‍ തന്നെ ആംആദ്മി പാര്‍ട്ടിയിലെ മൂന്ന് അംഗങ്ങളാണ് സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം ഉണ്ടാക്കിയത്. തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു. 

പിന്നീട് സഭ ചേര്‍ന്നപ്പോള്‍ ബഹളം ഉണ്ടാക്കിയ മൂന്ന് എംപിമാരെ ഇന്നത്തേക്ക് സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി സഭാധ്യക്ഷന്‍ എം വെങ്കയ്യനായിഡു അറിയിച്ചു. സഞ്ജയ് സിങ്, സുശീല്‍ ഗുപ്ത, എന്‍ഡി ഗുപ്ത എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 

സഭയില്‍ നിന്നും പുറത്തുപോകാന്‍ കൂട്ടാക്കാതിരുന്ന ഇവരെ മാര്‍ഷല്‍മാര്‍ ബലം പ്രയോഗിച്ച് പുറത്താക്കുകയായിരുന്നു. അതിനിടെ, കര്‍ഷകസമരം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ നിലപാട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. രാജ്യസഭയില്‍ 15 മണിക്കൂര്‍ ഇതു സംബന്ധിച്ചു ചര്‍ച്ച നടത്താമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. 

രണ്ടു ദിവസത്തേക്ക് ചോദ്യോത്തരവേള സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കര്‍ഷക പ്രശ്‌നങ്ങള്‍ സഭയില്‍ അഞ്ചു മണിക്കൂറെങ്കിലും ചര്‍ച്ച ചെയ്യണമെന്നാണ് 16 പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് 15 മണിക്കൂറായി സര്‍ക്കാര്‍ നീട്ടുകയായിരുന്നു. ഇതോടെ പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിച്ചു. സഭാ നടപടികള്‍ ചില അംഗങ്ങള്‍ മൊബൈലില്‍ റെക്കോഡ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് അനുവദിക്കാനാവില്ലെന്നും സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു അറിയിച്ചു.