ഒക്ടോബര്‍ വരെ സമയം നല്‍കും ; തീരുമാനമുണ്ടായില്ലെങ്കില്‍ രാജ്യമൊട്ടാകെ പ്രക്ഷോഭം; 40 ലക്ഷം ട്രാക്ടര്‍ റാലി; മുന്നറിയിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2021 10:14 AM  |  

Last Updated: 03rd February 2021 10:22 AM  |   A+A-   |  

farmers protest

കര്‍ഷക പ്രക്ഷോഭം / ചിത്രം : പര്‍വീണ്‍ നേഗി ( ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്)

 

ന്യൂഡല്‍ഹി : വിവാദ കാര്‍ഷിക നിയമം പിന്‍വലിച്ച് സമരം ഒത്തുതീര്‍പ്പാക്കാന്‍ ഒക്ടോബര്‍ വരെ സമയം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാരിന് കര്‍ഷകരുടെ അന്ത്യശാസനം. അതിനകം നടപടിയുണ്ടായില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കും. 40 ലക്ഷം ട്രാക്ടറുകള്‍ അണിനിരത്ത് രാജ്യവ്യാപക ട്രാക്ടര്‍ റാലി സംഘടിപ്പിക്കുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് മുന്നറിയിപ്പ് നല്‍കി. 

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിനു തീവ്രത കൂട്ടാന്‍ ലക്ഷ്യമിട്ട് ഗ്രാമങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താനും ഒന്നിലധികം ദിവസങ്ങള്‍ ബന്ദ് നടത്താനും കര്‍ഷകര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലടക്കമുള്ള ഗ്രാമങ്ങള്‍ സ്തംഭിപ്പിച്ച് കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതു പരിഗണനയിലുണ്ടെന്ന് അഖിലേന്ത്യാ കര്‍ഷക സമര ഏകോപന സമിതി നേതാവ് പി കൃഷ്ണപ്രസാദ് വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിനെതിരെ ഇന്നു മുതല്‍ 10 വരെ ഗ്രാമങ്ങളില്‍ കര്‍ഷകര്‍ പ്രചാരണം നടത്തും. ഗ്രാമങ്ങളിലേക്ക് ആരെയും കടത്തിവിടാത്ത വിധം കര്‍ഷകര്‍ നിലയുറപ്പിക്കും. ദേശീയപാതകള്‍ രാപകല്‍ ഉപരോധിക്കും.ഹരിയാനയിലെ 7 ജില്ലകളില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് വിലക്ക് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് വൈകിട്ട് 5 വരെ നീട്ടിയിട്ടുണ്ട്. 

അതിനിടെ സമരത്തില്‍ പങ്കെടുക്കാനായി കൂടുതല്‍ ആളുകളെത്തുന്നത് തടയാനായി അതിര്‍ത്തികളില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. കൂടുതല്‍ കര്‍ഷകര്‍ !ഡല്‍ഹിയിലേക്കെത്തുന്നതു തടയാന്‍ കര്‍ശന നടപടി സ്വീകരിക്കാനും കുട്ടികള്‍, സ്ത്രീകള്‍ എന്നിവരുടെ വിവരങ്ങള്‍ നല്‍കാനും ഹരിയാന, പഞ്ചാബ് പൊലീസ് മേധാവികളോട് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടു. 

ജാര്‍ഖണ്ഡ് കൃഷിമന്ത്രി ബാദര്‍ പത്രലേഖ് ഗാസിപൂര്‍ അതിര്‍ത്തിയിലെ സമരവേദിയിലെത്തി കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിനെ കണ്ട് ചര്‍ച്ച നടത്തി. കര്‍ഷകസമരത്തിന് പിന്തുണ അറിയിക്കാനാണ് എത്തിയത്. കര്‍ഷകദ്രോഹ നിലപാടു തുടരുന്നു ഡല്‍ഹി പൊലീസ് കേന്ദ്രസര്‍ക്കാരിന്റെ കയ്യിലെ കളിപ്പാവയാണെന്നും ജാര്‍ഖണ്ഡ് കൃഷിമന്ത്രി ആരോപിച്ചു.