കോളിഫ്‌ളവര്‍ കിലോയ്ക്ക് ഒരു രൂപ, വേണ്ടെന്ന് കര്‍ഷകന്‍; 10 ക്വിന്റല്‍ നാട്ടുകാര്‍ക്ക് സൗജന്യമായി കൊടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2021 12:42 PM  |  

Last Updated: 03rd February 2021 12:42 PM  |   A+A-   |  

marginal farmer threw away his entire cauliflower produce

പ്രതീകാത്മക ചിത്രം

 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രതീക്ഷിച്ച വില കിട്ടാത്തതിന്റെ നിരാശയില്‍ കര്‍ഷകന്‍ വിളവെടുത്ത കോളിഫ്‌ളവര്‍ ഒന്നടങ്കം ഉപേക്ഷിച്ച് പ്രതിഷേധിച്ചു. കിലോഗ്രാമിന് എട്ടുരൂപ പ്രതീക്ഷിച്ച സ്ഥാനത്ത് എപിഎംസിയുടെ ചന്തയില്‍ വ്യാപാരികള്‍ ഒരു രൂപയാണ് നിശ്ചയിച്ചത്. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചെലവെങ്കിലും ലാഭിക്കാനാണ് ദരിദ്രര്‍ക്ക് സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചതെന്ന്  കര്‍ഷകന്‍ പറയുന്നു.

 പിലിബിത്തിയിലാണ് സംഭവം. 10 ക്വിന്റല്‍ കോളിഫ്‌ളവറാണ് മുഹമ്മദ് സലിം ഉപേക്ഷിച്ചത്. വിപണിയില്‍ കിലോയ്ക്ക് 12 മുതല്‍ 14 രൂപ വരെ വിലയുള്ളപ്പോള്‍ ഒരു രൂപ നല്‍കാമെന്നാണ് എപിഎംസിയുടെ കീഴിലുള്ള വ്യാപാരികള്‍ പറഞ്ഞത്. എട്ടുരൂപയെങ്കിലും ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിരുന്നതെന്നും മുഹമ്മദ് സലീം പറയുന്നു. ഒരു രൂപയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ചാല്‍ തന്റെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചെലവ് പോലും നികത്താന്‍ സാധിക്കില്ലെന്നും കര്‍ഷകന്‍ പറയുന്നു.

അര ഏക്കര്‍ സ്ഥലത്താണ് കൃഷി ചെയ്തത്. വിത്ത്, കൃഷി, ജലസേചനം, വളം തുടങ്ങിയവയ്ക്കായി 8000 രൂപ ചെലവഴിച്ചു. ഇതിന് പുറമേ ട്രാന്‍സ്‌പോര്‍ട്ടേഷന് മാത്രമായി 4000രൂപ അധികം വേണ്ടി വരും. ഇത് പോലും നികത്താന്‍ ഒരു രൂപയ്ക്ക് വിറ്റാല്‍ സാധിക്കില്ല. ഈ നഷ്ടമെങ്കിലും ഒഴിവാക്കാനാണ് കോളിഫ്‌ളവര്‍ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചതെന്നും കര്‍ഷകന്‍ പറയുന്നു.

വാണിജ്യബാങ്കില്‍ നിന്ന് ഉയര്‍ന്ന പലിശയ്ക്ക് വായ്പ എടുത്തിട്ടുണ്ട്. ദരിദ്ര കര്‍ഷകര്‍ക്ക് വായ്പ നല്‍കാന്‍ പോലും ബാങ്കുകള്‍ മടിക്കുകയാണ്. പ്രായമായ അമ്മയും ഭാര്യയും രണ്ട് കുട്ടികളുമുള്ള തന്റെ കുടുംബം പട്ടിണിയുടെ വക്കിലാണെന്നും മുഹമ്മദ് സലീം പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന താങ്ങുവിലയുടെ പട്ടികയില്‍ കോളിഫ്‌ളവര്‍ ഉള്‍പ്പെടാത്തത് കൊണ്ട് സംഭരണവില നിശ്ചയിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് എപിഎംസി പറയുന്നു.