'കര്‍ഷകസമൂഹം രാജ്യത്തിന്റെ ജീവരക്തം, ഈ പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം': യുവരാജ് സിങ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th February 2021 06:54 PM  |  

Last Updated: 04th February 2021 06:54 PM  |   A+A-   |  

FARMERS PROTEST

യുവരാജ് സിങ്/ ഫയൽ

 

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരത്തെ ചൊല്ലി വാദപ്രതിവാദങ്ങള്‍ ഉയരുമ്പോള്‍ 'ഇന്ത്യ ഒരുമിച്ച്' എന്ന ഹാഷ്ടാഗോടെയുള്ള പ്രചാരണത്തില്‍ പങ്കാളിയായി മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്. രാജ്യത്തിന്റെ ജീവരക്തമാണ് കര്‍ഷകസമൂഹമെന്ന് യുവരാജ് സിങ് ട്വിറ്ററില്‍ കുറിച്ചു.

കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെ, പ്രമുഖ പോപ്പ് ഗായിക റിഹാന തുടങ്ങി വിദേശത്ത് നിന്നുള്ള പ്രമുഖര്‍ രംഗത്തുവന്നതോടെ, കര്‍ഷക സമരം ലോകശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. ഇവരെ വിമര്‍ശിച്ചും ഇന്ത്യ ഒരുമിച്ച് നിന്ന് പ്രശ്‌നം പരിഹരിക്കണമെന്ന ഹാഷ്ടാഗോടെയും നിരവധിപ്പേര്‍ രംഗത്തുവന്നതോടെ ലോകമൊട്ടാകെ വാദപ്രതിവാദങ്ങള്‍ കൊഴുക്കുകയാണ്. ഇത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ് അതുകൊണ്ട് തന്നെ പുറത്ത് നിന്നുള്ളവര്‍ ഇടപെടേണ്ടതില്ല എന്ന് പറഞ്ഞാണ് ഇന്ത്യ ഒരുമിച്ച് എന്ന ഹാഷ്ടാഗോടെയുള്ള പ്രചാരണം മുന്നോട്ടുപോകുന്നത്. അതിനിടെയാണ് ഈ പ്രചാരണത്തില്‍ പങ്കാളിയായി യുവരാജ് സിങ് രംഗത്തുവന്നത്.

രാജ്യത്തെ പൗരന്‍ എന്ന് അഭിമാനിക്കുന്നുവെങ്കില്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവരോടും ഒരുമിച്ച് നില്‍ക്കാന്‍ യുവരാജ് സിങ് ആഹ്വാനം ചെയ്തു.ഒരു പ്രശ്‌നവും പരിഹരിക്കാന്‍ കഴിയാത്തതായി ഇല്ല. രാജ്യത്തിന്റെ ജീവരക്തമാണ് കര്‍ഷകസമൂഹം. പ്രശ്‌നത്തിന് ഉടനടി സമാധാനപരമായി പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും യുവരാജ് സിങ് ട്വിറ്ററില്‍ കുറിച്ചു.