'ഇനി യുദ്ധമുഖത്ത് തലയുയര്‍ത്തി അര്‍ജുന്‍ ടാങ്കുകള്‍'; തദ്ദേശീയമായി വികസിപ്പിച്ച 118 ടാങ്കുകള്‍ വാങ്ങാന്‍ കരാര്‍

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായി വികസിപ്പിച്ച പരിഷ്‌കരിച്ച അര്‍ജുന്‍ ടാങ്കുകള്‍ കരസേനയുടെ ഭാഗമാകാന്‍ പോകുന്നു
അര്‍ജുന്‍ ടാങ്ക്/ ഫയല്‍ ചിത്രം
അര്‍ജുന്‍ ടാങ്ക്/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായി വികസിപ്പിച്ച പരിഷ്‌കരിച്ച അര്‍ജുന്‍ ടാങ്കുകള്‍ കരസേനയുടെ ഭാഗമാകാന്‍ പോകുന്നു. പരിഷ്‌കരിച്ച 118 അര്‍ജുന്‍ ടാങ്കുകള്‍ കരസേനയുടെ ഭാഗമാക്കാനുള്ള ആലോചനകള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

രാജ്യത്തെ പ്രതിരോധ രംഗത്തെ പ്രമുഖ പൊതുമേഖ സ്ഥാപനമായ ഡിആര്‍ഡിഒയാണ് പരിഷ്‌കരിച്ച അര്‍ജുന്‍ ടാങ്ക് വികസിപ്പിച്ചത്. ആദ്യ പതിപ്പില്‍ 71 മാറ്റങ്ങള്‍ വരുത്തിയാണ് പരിഷ്‌കരിച്ച ടാങ്ക് ഡിആര്‍ഡിഒ വികസിപ്പിച്ചത്. കരസേനയുടെ ഭാഗമായുള്ള രണ്ട് സേനാവ്യൂഹത്തിന് ടാങ്കുകള്‍ കൈമാറാനാണ് നീക്കം നടക്കുന്നത്. വൈകാതെ തന്നെ പ്രതിരോധ സംഭരണ കൗണ്‍സിലും മന്ത്രിസഭാ സമിതിയും ഇതിന് അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

9000 കോടി രൂപ മുടക്കി അര്‍ജുന്‍ ടാങ്കുകള്‍ സേനയുടെ ഭാഗമാക്കാനാണ് നീക്കം നടക്കുന്നത്. ടാങ്കിനും ഘടക വസ്തുക്കള്‍ക്കുമാണ് പണം ചെലവഴിക്കുക. നിലവില്‍ അര്‍ജുന്‍ ടാങ്കിന്റെ ആദ്യ പതിപ്പ് സേന ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ റഷ്യയുടെ ടി- 90 ടാങ്കിനാണ് പ്രാമുഖ്യം. രാജസ്ഥാന്‍ മരുഭൂമികളില്‍ അര്‍ജുന്‍ ടാങ്ക് കൂടുതല്‍ പ്രയോജനം ചെയ്യുമെന്ന വിലയിരുത്തലിലാണ് സേന. നിലവില്‍ പഞ്ചാബ്, വടക്കന്‍ രാജസ്ഥാന്‍ മേഖലകളില്‍ ടാങ്ക് ഉപയോഗിക്കുന്നത് ദുഷ്‌കരമാണ്. നിരവധിപ്പേര്‍ അധിവസിക്കുന്നതും കനാലുകളുമാണ് മുഖ്യമായി തടസമായി നില്‍ക്കുന്നത്. ഇവിടങ്ങളില്‍ അര്‍ജുന്‍ ടാങ്ക് കൂടുതല്‍ സൗകര്യപ്രദമാണ് എന്ന വിലയിരുത്തലിലാണ് സേന.

ശത്രുവിന്റെ യുദ്ധ ടാങ്കുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ വികസിപ്പിക്കുന്നത് അവസാന ഘട്ടത്തിലാണ്. നാഗ് അടക്കമുള്ള മിസൈലുകളുടെ അന്തിമഘട്ട പരീക്ഷണമാണ് നടന്നുവരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com