സച്ചിന് പിന്നാലെ 'ഇന്ത്യ ടുഗെദര്‍' പ്രതികരണവുമായി താരങ്ങള്‍ ; 'നട്ടെല്ലില്ലാത്ത, സര്‍ക്കാര്‍ സെലിബ്രിറ്റികള്‍' വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍

'വിയോജിപ്പുകള്‍  ഏറെയുണ്ടാകാം എങ്കിലും ഈ സമയത്തു ഐക്യത്തോടെ നമുക്കെല്ലാവര്‍ക്കും തുടരാം'
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, പ്രശാന്ത് ഭൂഷണ്‍ / ഫയല്‍ ചിത്രം
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, പ്രശാന്ത് ഭൂഷണ്‍ / ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : സച്ചിന്‍ ടെണ്ടുല്‍ക്കറിന് പിന്നാലെ ഇന്ത്യ ടുഗെദര്‍ ക്യാംപെയ്‌നിന്റെ ഭാഗമായി പ്രതികരണവുമായി താരങ്ങള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി, വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, അനില്‍ കുംബ്ലെ തുടങ്ങിയവരാണ് രംഗത്തെത്തിയത്. 

വിയോജിപ്പുകള്‍  ഏറെയുണ്ടാകാം എങ്കിലും ഈ സമയത്തു ഐക്യത്തോടെ നമുക്കെല്ലാവര്‍ക്കും തുടരാം. കൃഷിക്കാര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. സമാധാനത്തിനും ഒന്നിച്ചു മുന്നോട്ടു പോകാനും എല്ലാവര്‍ക്കും സ്വീകാര്യമായ പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചു.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയ്ക്ക് ആഭ്യന്തര പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ സാധിക്കുമെന്ന് അനില്‍ കുംബ്ലെ പറഞ്ഞു. ഒരുമിച്ചു നിന്നാല്‍ തീര്‍ക്കാന്‍ പറ്റാത്ത പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു രഹാനെയുടെ ട്വീറ്റ്. രോഹിത് ശര്‍മ, സുരേഷ് റെയ്‌ന, ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവരും പ്രതികരിച്ചിട്ടുണ്ട്. 

കര്‍ഷക സമരത്തെ പിന്തുണച്ച് പോപ്പ് ഗായിക റിഹാന രംഗത്തു വന്നതിന് പിന്നാലെയാണ്, പുറത്തുനിന്നുള്ളവര്‍ വിഷയത്തില്‍ ഇടപെടേണ്ടെന്ന് പ്രതികരിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രംഗത്തുവന്നത്. രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ചയുണ്ടാകരുത്. ഇന്ത്യയുടെ പ്രശ്‌നത്തില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ട. ഒറ്റ രാജ്യമെന്ന നിലയില്‍ ഐക്യത്തോടെ നില്‍ക്കാമെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. 

അതിനിടെ സച്ചിനെ വിമര്‍ശിച്ച് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തി. ‘നട്ടെലില്ലാത്ത, ഹൃദയമില്ലാത്ത സർക്കാർ സെലിബ്രിറ്റികൾ’ എന്നാണ് സച്ചിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്ത് പ്രശാന്ത് ഭൂഷൺ കുറിച്ചത്.

‘പ്രതിഷേധിക്കുന്ന കർഷകർക്ക് ജലവും ഇന്റർനെറ്റും വൈദ്യുതിയും ഇല്ലാതായപ്പോൾ, ബിജെപി ​ഗുണ്ടകൾ കല്ലെറിഞ്ഞപ്പോൾ ഒന്നും ഈ വമ്പൻ സെലിബ്രിറ്റികൾ ഒന്നും അനങ്ങിയില്ല. റിയാനയും ഗ്രേറ്റയും സംസാരിച്ചപ്പോൾ അവർ പെട്ടെന്ന് മൗനം ഭേദിച്ച് പുറത്തുവന്നു. നട്ടെലില്ലാത്ത, ഹൃദയമില്ലാത്ത സർക്കാർ സെലിബ്രിറ്റികൾ’– പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com