കര്‍ഷക സമരം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് അമേരിക്ക ; പരിഷ്‌കരണങ്ങള്‍ ഇന്ത്യന്‍ വിപണിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കും

സമരവേദിയായ ഗാസിപ്പൂരിലേക്ക് പോയ പ്രതിപക്ഷ എംപിമാരെ പൊലീസ് തടഞ്ഞു
കര്‍ഷക പ്രക്ഷോഭം / പിടിഐ ചിത്രം
കര്‍ഷക പ്രക്ഷോഭം / പിടിഐ ചിത്രം


വാഷിങ്ടണ്‍ : കര്‍ഷക സമരം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് അമേരിക്ക. സമാധാനപരമായ സമരങ്ങള്‍ ജനാധിപത്യം പുഷ്ടിപ്പെടുന്നതിന്റെ മുഖമുദ്രയാണ്. ഇക്കാര്യം ഇന്ത്യന്‍ സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ടെന്ന് യുഎസ് വിദേശകാര്യ വക്താവ് അഭിപ്രായപ്പെട്ടു.  

സമരത്തെ നേരിടാന്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി യുഎസ് വിദേശകാര്യവക്താവ് പരോക്ഷമായി വിമര്‍ശിച്ചു. കൂടുതല്‍ സ്വകാര്യ നിക്ഷേപങ്ങള്‍ക്ക് സഹായകമാകുന്ന കാര്‍ഷിക മേഖലയിലെ പരിഷ്‌കരണങ്ങളെ സ്വാഗതം ചെയ്യുന്നു. ഇതിലൂടെ ഇന്ത്യന്‍ വിപണിയുടെ കാര്യക്ഷമത വര്‍ധിക്കുമെന്നും അമേരിക്കന്‍ വിദേശകാര്യ വക്താവ് പറഞ്ഞു. 

കര്‍ഷകസമരത്തെ പിന്തുണച്ച് പോപ്പ് ഗായിക റിഹാന, മുന്‍ പോണ്‍ താരം മിയ ഖലീഫ, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് തുടങ്ങിയവര്‍ രംഗത്ത് വന്നിരുന്നു. ഇതിനെ തള്ളിപ്പറഞ്ഞ് വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് സര്‍ക്കാറിന്റെ പ്രതികരണം.

ഡല്‍ഹി അതിര്‍ത്തികളില്‍ സമരക്കാരെ നേരിടാന്‍ പൊലീസ് വന്‍ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. സമരവേദിയായ ഗാസിപ്പൂരിലേക്ക് പോയ പ്രതിപക്ഷ എംപിമാരെ പൊലീസ് തടഞ്ഞു. 10 പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള 15 എംപിമാരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.  സമരവേദിയിലേക്ക് എംപിമാരെ കടത്തിവിടാന്‍ പൊലീസ് തയ്യാറായില്ല. യുദ്ധസമാനമായ സാഹചര്യമാണ് ഒരുക്കിയിരിക്കുന്നതെന്നും ശത്രു സൈന്യത്തെ നേരിടാനുള്ള സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും എന്‍ കെ  പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com