ഒരൊറ്റ പിഴവു ചൂണ്ടിക്കാട്ടാനാവുമോ? സമരത്തിനു പിന്നില്‍ ഒരു സംസ്ഥാനത്തെ കര്‍ഷകര്‍ മാത്രം: കേന്ദ്ര കൃഷിമന്ത്രി 

നിയമങ്ങളില്‍ ഭേദഗതിക്കു തയാറെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനര്‍ഥം ഇപ്പോഴുള്ള നിയമത്തില്‍ പിഴവുണ്ടെന്നല്ല
നരേന്ദ്ര സിങ് തോമര്‍ രാജ്യസഭയില്‍ സംസാരിക്കുന്നു
നരേന്ദ്ര സിങ് തോമര്‍ രാജ്യസഭയില്‍ സംസാരിക്കുന്നു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു കാര്‍ഷിക നിയമങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ഒരു പിഴവു പോലും ചൂണ്ടിക്കാട്ടാന്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കോ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ കഴിഞ്ഞിട്ടില്ലെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. ഒരു സംസ്ഥാനത്തില്‍നിന്നുള്ളവര്‍ മാത്രമാണ് സമരത്തിനു പിന്നിലെന്ന് തോമര്‍ രാജ്യസഭയില്‍ പറഞ്ഞു.

പുതിയ നിയമം വന്നതോടെ മറ്റുള്ളവര്‍ തങ്ങളുടെ കൃഷിഭൂമി പിടിച്ചെടുക്കുമെന്ന് കര്‍ഷകരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഒരു സംസ്ഥാനത്തില്‍നിന്നുള്ള കര്‍ഷകര്‍ മാത്രമാണ് സമരത്തിനു പിന്നില്‍. ഇത്തരത്തില്‍ കര്‍ഷകര്‍ക്കു ഭൂമി നഷ്ടപ്പെടുമെന്നു പറയുന്ന ഒരു വ്യവസ്ഥയെങ്കിലും ഈ നിയമങ്ങളില്‍ കാണിച്ചുതരാന്‍ കഴിയുമോ? - തോമര്‍ ചോദിച്ചു. 

നിയമങ്ങളില്‍ ഭേദഗതിക്കു തയാറെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനര്‍ഥം ഇപ്പോഴുള്ള നിയമത്തില്‍ പിഴവുണ്ടെന്നല്ല. കര്‍ഷകരുടെ ജീവിതത്തില്‍ നല്ല മാറ്റമുണ്ടമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 

പഴങ്ങളും പച്ചക്കറികളും ട്രെയിന്‍ വഴി കൊണ്ടുപോവാനാവുമെന്ന് ആരെങ്കിലും കരുതിയിരുന്നോ? ഇപ്പോള്‍ ശീതീകരണ സംവിധാനമുള്ള നൂറു കിസാന്‍ റയില്‍ ട്രെയിനുകളാണ് തുടങ്ങിയിരിക്കുന്നത്. കാര്‍ഷിക വിളകള്‍ക്കു മെച്ചപ്പെട്ട വില കിട്ടാന്‍ അവ സഹായകരമാവുന്നു. 

ഉത്പാദന ചെലവിനേക്കാള്‍ അന്‍പതു ശതമാനം കൂടുതല്‍ താങ്ങുവില നല്‍കാനുള്ള നടപടികള്‍ക്കു തുടക്കമായിട്ടുണ്ട്. ആത്മനിര്‍ഭര്‍ പാക്കേജില്‍ ഒരു ലക്ഷം കോടി രൂപയാണ് കാര്‍ഷിക അടിസ്ഥാന സൗകര്യ വികസനത്തിനു നീക്കിവച്ചിട്ടുള്ളത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയും ജിഡിപിയില്‍ കാര്‍ഷികമേഖലയുടെ വിഹിതം കൂട്ടുകയുമാണ് ലക്ഷ്യമാക്കുന്നത്. ഇതിലേക്കുള്ള സുപ്രധാന ചുവടുവയ്പാണ് കാര്‍ഷിക നിയമങ്ങളെന്ന് മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com