18 വയസ്സിന് മുകളിലുള്ള അഞ്ചിൽ ഒരാൾക്ക് കോവിഡ് വന്നു, രാജ്യത്തെ വലിയ വിഭാ​ഗം ആളുകളും വൈറസ് ബാധിക്കാൻ സാധ്യതയുള്ളവർ; ഐസിഎംആർ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2021 03:31 PM  |  

Last Updated: 05th February 2021 03:31 PM  |   A+A-   |  

covid testing

കോവിഡ് പരിശോധന/ ഫയല്‍ ചിത്രം

 

ന്യൂഡൽഹി: ഇന്ത്യയിലെ 18 വയസ്സിന് മുകളിൽ പ്രായമുള്ള അഞ്ചിൽ ഒരാൾക്ക് കോവിഡ് ബാധയുണ്ടായതിന്റെ തെളിവുകൾ ലഭിച്ചതായി ഐസിഎംആർ സിറോ സർവേ. അതായത്ത് ഈ പ്രായവിഭാ​ഗത്തിലുള്ള രാജ്യത്തെ 21 ശതമാനം പേർക്കും കോവിഡ് ബാധയുണ്ടായിട്ടുണ്ട്. വലിയൊരു വിഭാഗം ജനങ്ങൾ, അതായത് എൺപത് ശതമാനത്തോളം ആളുകളും, ഇപ്പോഴും കോവിഡ് ബാധിക്കാൻ സാധ്യത കൂടിയ വിഭാഗക്കാരാണെന്നും സർവെയിൽ കണ്ടെത്തി. 

കഴിഞ്ഞ ഡിസംബർ ഏഴ് മുതൽ ജനുവരി എട്ടുവരെ രാജ്യത്തെ 21 സംസ്ഥാനങ്ങളിലായി 70 ജില്ലകളിലെ 700 ഗ്രാമങ്ങളിലാണ് ഐസിഎംആർ മൂന്നാമത് സർവേ നടത്തിയത്.  18 വയസിന് മുകളിൽ പ്രായമുള്ള 28,589 പേരിൽ 21.4 ശതമാനം ആളുകൾക്കും കോവിഡ് ബാധയേറ്റ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. 10 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ 25.3 ശതമാനം പേർക്കും രോഗം പിടിപെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തൽ. 60 വയസ്സിനു മുകളിൽ പ്രായമുല്ള 23.4 ശതമാനം ആളുകൾക്കും കോവിഡ് ബാധിച്ചിട്ടുണ്ട്.

നഗര പ്രദേശങ്ങളിലെ ചേരികളിലും (31.7 ശതമാനം) നഗരങ്ങളിലെ മറ്റ് പ്രദേശത്തും (26.2 ശതമാനം) താമസിക്കുന്നവർക്ക് ഗ്രാമ പ്രദേശത്തെ (19.1 ശതമാനം) ആളുകളേക്കാൾ കൂടുതൽ കോവിഡ് ബാധ ഉണ്ടായതായാണ് വിലയിരുത്തൽ. കോവിഡിനെതിരെ പ്രവർത്തിക്കുന്ന ആന്റീബോ​ഡി പുരുഷന്മാരേക്കാൾ കുടുതൽ സ്ത്രീകളിൽ ആണ് കണ്ടെത്തിയത്. സ്ത്രീകളിൽ ഇത് 22.7 ശതമാനം ആളെങ്കിൽ പുരുഷന്മാരിൽ ആന്റീബോഡി കണ്ടെത്തിയവരുടെ എണ്ണം 20.3 ശതമാനം മാത്രമാണ്.  

മഹാമാരിക്കെതിരായ രാജ്യവ്യാപക വാക്സിൻ വിതരണം ജനുവരി 16ന് ആരംഭിച്ചിരുന്നു. ആരോഗ്യ പ്രവർത്തകർക്ക് മാത്രമാണ് ഈ ഘട്ടത്തിൽ പ്രതിരോധ കുത്തിവയ്പ് നൽകിയിരിക്കുന്നത്. ഫെബ്രുവരി 13 മുതൽ ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് -19 വാക്സിൻ രണ്ടാം ഡോസ് ലഭിക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.