ഫൈസർ വാക്സിൻ ഇന്ത്യയിൽ ഉടൻ എത്തില്ല; അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ കമ്പനി പിൻവലിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2021 12:01 PM  |  

Last Updated: 05th February 2021 12:01 PM  |   A+A-   |  

pfizer vaccine

ഫൈസര്‍ കോവിഡ് വാക്‌സിന്‍/ഫയല്‍

 

ന്യൂഡൽഹി: ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരത്തിനായി (ഇയുഎ) നൽകിയ അപേക്ഷ പിൻവലിക്കാൻ തീരുമാനിച്ച് കോവിഡ് -19 വാക്‌സിൻ നിർമ്മാതാക്കളായ ഫൈസർ. ഡ്രഗ് റെഗുലേറ്ററി അതോറിറ്റി കമ്മിറ്റിയുമായി നടന്ന യോഗത്തിന് പിന്നാലെയാണ് തീരുമാനം. 

ഫെബ്രുവരി 3 ന് നടന്ന ചർച്ചയ്ക്കൊടുവിൽ വാക്സിന് അനുമതി നൽകാൻ ആവശ്യമായി വന്നേക്കാവുന്ന കൂടുതൽ വിവരങ്ങളെക്കുറിച്ച് ബോധ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ നിലവിൽ നൽകിയ അപേക്ഷ പിൻവലിക്കാൻ തീരുമാനിച്ചെന്നും ഫൈസർ വക്താവ് അറിയിച്ചു. ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയുമായി ബന്ധപ്പെടുന്നത് തുടരുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. അധികം വൈ‌കാതെ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി അനുമതിക്കായി വീണ്ടും അപേക്ഷ സമർപ്പിക്കാനാണ് തീരുമാനം. 

ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയ ആദ്യത്തെ ഫാർമസ്യൂട്ടിക്കൽ സ്ഥാപനമാണ് ഫൈസർ. കഴിഞ്ഞ വർഷം ഡിസംബറിലാണ് വാക്സിൻ ഉപയോ​ഗത്തിന് അനുമതി തേടി ഫൈസർ ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയെ സമീപിച്ചത്. ഇന്ത്യയിൽ വിതരണം ചെയ്യുന്നതിനായി വാക്സിൻ ഇറക്കുമതി ചെയ്യാനുള്ള അനുവാദത്തിനായാണ് ഫൈസർ അപേക്ഷ നൽകിയത്. യുകെയിലും ബഹ്‌റൈനിലും ക്ലിയറൻസ് നേടിയ ശേഷമാണ് കമ്പനി ഇന്ത്യയിൽ ഉപയോ​ഗാനുമതി തേടിയത്.