20രൂപയെ ചൊല്ലി തർക്കം, ഇഡ്‌ലി വിൽപ്പനക്കാരനെ കൊലപ്പെടുത്തി മൂന്നം​ഗ സംഘം; അന്വേഷണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th February 2021 03:45 PM  |  

Last Updated: 06th February 2021 03:45 PM  |   A+A-   |  

murder

(പ്രതീകാത്മക ചിത്രം)

 

മുംബൈ: 20രൂപയെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഇഡ്‌ലി വിൽപ്പനക്കാരനായ യുവാവിനെ മൂന്ന് പേർ ചേർന്ന് കൊലപ്പെടുത്തിയതായി പരാതി. താനെ ജില്ലയിലെ മിര റോഡിലാണ് സംഭവം. 26കാരനായ വീരേന്ദ്ര യാദവ് എന്ന യുവാവാണ് മരിച്ചത്. 

വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഇഡ്‌ലി വിൽപ്പന സ്റ്റാളിലേക്ക് മൂന്ന് പേർ എത്തുകയും വീരേന്ദ്ര യാദവ്  ഇവർക്ക് 20 രൂപ നൽകാനുണ്ടെന്നും ആരോപിച്ചാണ് തർക്കം തുടങ്ങിയത്. വാക്കേറ്റം പിന്നീട് കയ്യാങ്കളിയായി മാറി. ഇതിനിടെ യുവാവ് തലയടിച്ച് നിലത്തുവീഴുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ വീരേന്ദ്ര യാദവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

സംഭവത്തിൽ മൂന്ന് പേർക്കെതിരെ നയ നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളുടെ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ല. ഇവർക്കായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു.